പാട്‌ന: തനിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജംഗിള്‍ രാജ് കാ യുവരാജ്’ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്.
അഴിമതി, ജോലി, കുടിയേറ്റ പ്രതിസന്ധി തുടങ്ങിയ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഇത്തരത്തില്‍ പല പരാമര്‍ശങ്ങളും മോദി നടത്തുമെന്നായിരുന്നു തേജസ്വി യാദവ് പ്രതികരിച്ചത്.
അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന് എന്തും പറയാന്‍ കഴിയും, അതിനോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹം ബീഹാറിലെത്തി, ഒരു പ്രത്യേക പാക്കേജിനെ കുറിച്ചോ അല്ലെങ്കില്‍ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്.
‘ഇവര്‍ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് (ബി.ജെ.പി). 30 ഹെലികോപ്റ്ററുകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. അവരുടെ പ്രധാനമന്ത്രി ഇതുപോലെ സംസാരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് കാര്യം മനസിലാകും.
ദാരിദ്ര്യത്തെ കുറിച്ച് കര്‍ഷകരെ കുറിച്ച് തൊഴിലില്ലായ്മയെ കുറിച്ച് ഫാക്ടറികളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് അദ്ദേഹം പറഞ്ഞോ. ഇക്കാര്യങ്ങളൊക്കെയായിരുന്നില്ലേ അദ്ദേഹം വിഷയമായക്കേണ്ടിയിരുന്നത്. അല്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു പോകുകയാണോ വേണ്ടത്, തേജസ്വി യാദവ് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം തേജസ്വി യാദവിനെ ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ തേജസ്വിയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നാണ് അതിനര്‍ത്ഥമെന്നായിരുന്നു ആര്‍.ജെ.ഡി ക്യാമ്പിന്റെ പ്രതികരണം.
നിലവില്‍ തേജസ്വിയുടെ റാലികളില്‍ അണിനിരക്കുന്നത് ആയിരങ്ങളാണ്. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രഖ്യാപനവും ബി.ജെ.പി ക്യാമ്പിനെ പിടിച്ചുകുലുക്കിയിരുന്നു.സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള തേജസ്വിയുടെ തെരഞ്ഞെടുപ്പ് പ്രചരണം തിരിച്ചടിയാകുമെന്ന ആശങ്കയും ബിജെ.പി ക്യാമ്പുകളിലുണ്ട്.
മുസാഫര്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു റാലിയില്‍ പ്രധാനമന്ത്രി തേജസ്വി യാദവിന്റെ മാതാപിതാക്കളായ ലാലു യാദവിന്റെയും റാബ്രി ദേവിയുടെയും 15 വര്‍ഷത്തെ ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ആ കാലഘട്ടത്തിലേക്ക് ഇനിയും ബീഹാറികള്‍ തിരിച്ചുപോകരുതെന്നും
ജംഗിള്‍ രാജിന്റെ കിരീടാവകാശിയില്‍ നിന്ന് നിങ്ങള്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നുമായിരുന്നു മോദി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tejashwi Yadav Responds After PM’s “Jungle Raj Ka Yuvraj” Jibe