ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ നേരിടാന്‍ സഖ്യം രൂപീകരിച്ച എസ്.പിയ്ക്കും ബി.എസ്.പിയ്ക്കും പിന്തുണയറിയിച്ച് തേജസ്വി യാദവ്. ലക്‌നൗവില്‍ മായാവതിയെ കണ്ട് പിന്തുണയറിയിച്ച തേജസ്വി യാദവ് സംസ്ഥാനത്ത് ബി.ജെ.പി നിലംപരിശാക്കപ്പെടുമെന്ന് പറഞ്ഞു.
“അംബേദ്ക്കറുണ്ടാക്കിയ ഭരണഘടനയെ തകര്‍ത്ത് “നാഗ്പൂര്‍ നിയമങ്ങള്‍” നടപ്പിലാക്കാന്‍ രാജ്യത്ത് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് എസ്.പി-ബി.എസ്.പി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ഈ മുന്നണിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. യു.പിയില്‍ ബി.ജെ.പിയ്ക്ക് ഒറ്റ സീറ്റു പോലും ലഭിക്കില്ല” തേജസ്വി യാദവ് പറഞ്ഞു.
ബീഹാറിലെ പോലെ ബി.ജെ.പിയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും പ്രാദേശിക കക്ഷികളുടെ സഖ്യം വേണമെന്ന് പിതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നതായി തേജസ്വി പറഞ്ഞു.
ബീഹാറില്‍ മഹാഗഡ്ബന്ധന്റെ ഭാഗമായിരുന്ന ആര്‍.ജെ.ഡിയും ജെ.ഡി.യുവും ചേര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നത്. നിതീഷ് കുമാര്‍ പിന്നീട് സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയ്‌ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.