| Tuesday, 27th October 2020, 1:15 pm

നാളെ ബീഹാറിലെത്തുമ്പോള്‍ ഈ 11 ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം; മോദിയോട് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നാളെ (ഒക്ടോബര്‍ 28) ബീഹാറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 11 ചോദ്യങ്ങളുമായി ആര്‍.ജെ.ഡി നേതാവും മഹാഗദ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. ദര്‍ബംഗ, മുസാഫര്‍പൂര്‍, പട്ന എന്നിവിടങ്ങളിലാണ് നാളെ മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നത്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലേക്ക് വരികയാണ്. ദല്‍ഹിയിലും പട്‌നയിലുമായി പ്രവര്‍ത്തിക്കുന്ന ഈ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ദര്‍ഭംഗ എയിംസ് 2015 ല്‍ താങ്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. എന്നാല്‍ അതിന്റെ ജോലികള്‍ തുടങ്ങാനുള്ള പ്രഖ്യാപനം വോട്ടെടുപ്പിന് തൊട്ടു മുന്‍പായി മാത്രം നടത്തിയത് എന്തുകൊണ്ടാണ്?

മുസാഫര്‍പൂരിലേക്ക് പ്രധാനമന്ത്രി വരുന്നുണ്ട്. അവിടെ 34 അനാഥ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസിലെ പ്രതികളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖ്യമന്ത്രിയെ കുറിച്ചോ ആ കേസിനെ പറ്റിയോ എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. അതിനെ കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാര്‍ ദര്‍ബംഗയിലും മുസാഫര്‍പൂരിലും ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ വാഗ്ദാനം പാലിച്ചില്ല, ഡോക്ടര്‍മാരെ പോലും നിയമിച്ചില്ല. കഴിഞ്ഞില്ല ഇവിടെ ഒരു സ്‌കില്‍ യൂണിവേഴ്‌സിറ്റി പണിയാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു, ആ വാഗ്ദാനത്തിന് പിന്നീട് എന്ത് സംഭവിച്ചു?

പട്‌നയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും പട്‌ന നഗര്‍ നിഗത്തിന്റെ അതിന്‍മേലുള്ള ഇടപെടലുകളെ കുറിച്ചും താങ്കള്‍ സംസാരിക്കാന്‍ തയ്യാറാകുമോ?

രാജ്യത്തെ 10 വൃത്തിയില്ലാത്ത നഗരങ്ങളില്‍ ആറെണ്ണവും ബീഹാറിലാണെന്ന കാര്യം ജനങ്ങളോട് വെളിപ്പെടുത്താന്‍ താങ്കള്‍ തയ്യാറാകുമോ? എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ ബീഹാറില്‍ ഉണ്ടായതെന്ന് വിശദീകരിക്കാനാവുമോ?

സംസ്ഥാനത്തു നിന്നുള്ള 40 എം.പിമാര്‍ കേന്ദ്രത്തില്‍ ഉണ്ടായിട്ടും പട്‌ന സര്‍വകലാശാലയ്ക്ക് ഇപ്പോഴും കേന്ദ്ര സര്‍വകലാശാല പദവി നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഇത്രയും ദുര്‍ബലനായ മുഖ്യമന്ത്രിയാണോ നിതിഷ് കുമാര്‍ ?

ഇത്രയും യുവജനങ്ങളുള്ള ഒരു വലിയ സംസ്ഥാനമായ ബീഹാറില്‍ എന്തുകൊണ്ടാണ് ഇത്രയും വലിയ തൊഴിലില്ലായ്മ ഉണ്ടാകുന്നത്, പ്രധാനമന്ത്രിയ്ക്ക് അതിന് ഒരു മറുപടി തരാന്‍ സാധിക്കുമോ?

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരും കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബീഹാര്‍ സര്‍ക്കാരും ഇവിടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു? ബീഹാറില്‍ നിന്നുള്ള കുടിയേറ്റങ്ങളില്‍ എന്തുകൊണ്ടാണ് വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്?

കൊട്ടയിലും മറ്റു ഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളും മറ്റ് കുടിയേറ്റ തൊഴിലാളികളും ബീഹാറിലേക്ക് വരുന്നത് തടയുന്നത് എന്തിന് വേണ്ടിയാണ്?

ശ്രീജന്‍ അഴിമതിക്കേസിലെ പ്രതികളെ ഇതുവരെ സി.ബി.ഐ തൊടാത്തത് എന്തുകൊണ്ടാണ്, എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം പ്രതികള്‍ കറങ്ങുന്നത് എന്തിനാണ്?

ഇങ്ങനെ 11 ചോദ്യങ്ങളായിരുന്നു തേജസ്വി പ്രധാനമന്ത്രിയോട് ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം മോദി നാളെ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നെന്നും തേജസ്വി പറഞ്ഞു.

ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും. ജെ.ഡി.യു ബി.ജെ.പി സഖ്യം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സഖ്യം വിട്ട ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി ഒറ്റക്കാണ് മത്സരിക്കുന്നത്. ബീഹാറില്‍ നിതീഷ് കുമാറിന് വലിയ വെല്ലുവിളി തന്നെയാണ് തേജസ്വി യാദവ് ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav poses 11 questions to PM Modi ahead of latter’s visit to poll-bound Bihar

We use cookies to give you the best possible experience. Learn more