| Wednesday, 3rd March 2021, 6:24 pm

'നാസി ഭരണത്തിന്റെ അടുത്ത ലക്ഷ്യം കലാകാരന്‍മാരും, പത്രപ്രവര്‍ത്തകരുമാണ്'; അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും വീടുകളിലെ റെയ്ഡില്‍ തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യാന്‍ സി.ബി.ഐ, ഇ.ഡി, എന്നിവയെ ചുമതലപ്പെടുത്തിയ സര്‍ക്കാരാണ് ഈ നീക്കത്തിനു പിന്നിലെന്ന് തേജസ്വി പറഞ്ഞു.

‘തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യാന്‍ സി.ബി.ഐ, ഇ.ഡി, എന്നിവരെ ചുമതലപ്പെടുത്തി.

ഇപ്പോള്‍ അതേ നാസി ഭരണകൂടം തന്നെ പത്രപ്രവര്‍ത്തകര്‍,കലാകാരന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന് അവര്‍ ഉറക്കെ വിളിച്ച് പറഞ്ഞതിനാണ് ഈ നടപടി. അപലപനീയമാണിത്’, തേജസ്വി പറഞ്ഞു.

ബുധനാഴ്ചയാണ് അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്. 22 സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ല്‍ ആരംഭിച്ച കമ്പനി 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കുമെതിരെ പരസ്യമായി ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Tejashwi Yadav On Anurag Kashyap, Taapsee Pannu Raids

We use cookies to give you the best possible experience. Learn more