| Friday, 23rd October 2020, 2:28 pm

കൊവിഡിനെ പേടിച്ച് നാലുമാസം വീട്ടിലടച്ചിരുന്ന ആള്‍ വോട്ടിന് വേണ്ടി പുറത്തിറങ്ങിയിരിക്കുന്നു; നിതീഷിനെ പരിഹസിച്ച് തേജ്വസി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: തെരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്.

കൊവിഡിനെ പേടിച്ച് നാല് മാസത്തോളം വീട്ടില്‍ അടച്ചിരുന്ന നിതീഷ് വോട്ടുചോദിക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നതെന്ന് തേജ്വസി യാദവ് പറഞ്ഞു.

” നിതീഷ് കുമാര്‍ 144 ദിവസം മുഖ്യമന്ത്രിയുടെ വസതിക്കുള്ളിലിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം തന്റെ വീടിന് പുറത്താണ്. എന്തുകൊണ്ട്? അപ്പോഴും കൊറോണയാണ്, ഇപ്പോഴും കൊറോണയാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് വേണം, അതിനാല്‍ അദ്ദേഹത്തിന് പുറത്തുവന്നേ പറ്റുള്ളൂ,” അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബീഹാറിലേക്ക് തിരിച്ചെത്തിയ തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളേയും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

‘നിതീഷ് കുമാര്‍ 15 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ജോലി നല്‍കി ദാരിദ്ര്യം ഇല്ലാതാക്കിയോ? വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലികള്‍ക്ക് എന്ത് സംഭവിച്ചു? ഫാക്ടറികള്‍ക്ക് എന്ത് സംഭവിച്ചു? അദ്ദേഹം ചോദിച്ചു.

അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ തേജസ്വി യാദവിനെ പരിഹസിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. കാലിത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കൂടി പരോക്ഷമായി വിമര്‍ശിച്ചായിരുന്നു നിതീഷിന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tejashwi Yadav mocks back  Nitisj kumar At Rally

We use cookies to give you the best possible experience. Learn more