| Monday, 19th October 2020, 2:47 pm

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ; നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്; ചിരാഗിന് പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ വിമര്‍ശിച്ചും പരസ്യ സംവാദത്തിന് വെല്ലുവിളിച്ചും ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പിന്തുണച്ചുകൊണ്ടായിരുന്നു തേജസ്വി നിതീഷിനെതിരെ രംഗത്തെത്തിയത്.

ചിരാഗിന് അദ്ദേഹത്തിന്റെ അച്ഛനെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമായിരുന്നു ഇതെന്നും ഈ സമയത്ത് ചിരാഗിനോട് നിതീഷ് പെരുമാറിയ രീതി ശരിയായില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

‘ചിരാഗ് പാസ്വാനോട് നിതീഷ് കുമാര്‍ ജി കാണിച്ചത് ശരിയായില്ല. ചിരാഗ് പാസ്വാനെ സംബന്ധിച്ച് തന്റെ പിതാവ് കൂടെയുണ്ടാകേണ്ട സമയമായിരുന്നു ഇത്. പക്ഷേ രാം വിലാസ് പാസ്വാന്‍ ജി ഇന്ന് നമ്മോടൊപ്പം ഇല്ല, ഞങ്ങള്‍ അതില്‍ ദു:ഖിതരാണ്. ഈ സമയത്ത് തന്നെയാണ് നിതീഷ് കുമാര്‍ ചിരാഗ് പാസ്വാനോട് അനീതി കാണിച്ചതും. എന്തിന്റെ പേരിലായാലും നിതീഷ് കുമാര്‍ ചിരാഗിനോട് കാണിച്ചത് അന്യായമാണ്’, എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്.

അധികാരത്തിലിരുന്ന 15 വര്‍ഷത്തിനിടയില്‍ ജെ.ഡി.യു സര്‍ക്കാര്‍ അവകാശപ്പെടുന്ന ഏതൊരു നേട്ടത്തെ കുറിച്ചും ഒരു തുറന്ന ചര്‍ച്ചയ്ക്ക് നിതീഷ് കുമാര്‍ തയ്യാറാകണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ നിതീഷ് കുമാര്‍ സംസ്ഥാനത്തിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാണിച്ച എന്തിനെ കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. പുതിയ ഒരു സംവാദ പ്രവണത ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഒരു സംവാദമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്റെ ഈ വെല്ലുവിളി നിതീഷ് കുമാര്‍ സ്വീകരിക്കണമെന്നാണ് പറയാനുള്ളത്’, തേജസ്വി യാദവ് പറഞ്ഞു.

നിലവിലെ സര്‍ക്കാരിനോട് ആളുകള്‍ക്ക് ദേഷ്യമുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ അധികാരത്തിലെത്തിയിരിക്കുമെന്നും തെരഞ്ഞെടുപ്പ് റാലികളില്‍ കാണുന്ന ജനപ്രാതിനിധ്യം അതിന്റെ തെളിവാണെന്നും തേജസ്വി പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പിയുടെ ബി ടീമിനെ ശ്രദ്ധിക്കണമെന്ന ഒരു പരാമര്‍ശം കൂടി തേജസ്വി യാദവ് നടത്തിയിരുന്നു. ബി.ജെ.പിയുടെ ബി ടീമായി നിന്ന് വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ചിലരെ ശ്രദ്ധിക്കണമെന്നായിരുന്നു തേജസ്വി പറഞ്ഞത്. എല്‍.ജെ.പിക്കെരായ ഒളിയമ്പുകൂടിയായിരുന്നു ഇത്.

Content Highlight: Tejashwi Yadav makes a U-turn, shows ‘sympathy’ for Chirag Paswan

We use cookies to give you the best possible experience. Learn more