പട്‌ന: അസമില്‍ ബി.ജെ.പി നേതാവിന്റെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. പിന്നില്‍ നിന്ന് കളി നിയന്ത്രിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചുവിട്ട് ബി.ജെ.പി അതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഏറ്റെടുക്കണമെന്ന് തേജസ്വി യാദവ് പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വാസ്യതയില്ലാത്ത കമ്മീഷന്‍ എന്നാണ് തേജസ്വി വിശേഷിപ്പിച്ചത്. ബി.ജെ.പിക്ക് വേണ്ടി ബ്യൂറോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാര്‍ തെരഞ്ഞെടുപ്പും ഫലവും അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അസമില്‍ ബി.ജെ.പി നേതാവിന്റെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഈ ബൂത്തില്‍ റീ പോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാനായിരുന്നു ബി.ജെ.പി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ ഇ.വി.എം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാര്‍ത്തന്‍കണ്ടിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് കൃഷ്‌ണേന്ദു പോള്‍.
കരിംഗഞ്ചില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ എം.എല്‍.എയുടെ വാഹനത്തില്‍ ഇ.വി.എം മെഷീന്‍ കയറ്റിക്കൊണ്ടുപോവുന്നതായുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. സ്ട്രോങ് റൂമിലേക്ക് കൊണ്ടുകൊണ്ടുപോകേണ്ടതിന് പകരമായിരുന്നു പോളിങ്ങിന് ശേഷം ഇ.വി.എം ബി.ജെ.പി എം.എല്‍.എയുടെ കാറില്‍ കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.