national news
'പത്താം ക്ലാസ് പാസാവാത്ത, മന്ത്രിസഭയെന്ന് അക്ഷരം തെറ്റാതെ എഴുതാനറിയാത്ത ആളാണ് മുഖ്യമന്ത്രിയാവാന്‍ വരുന്നത്'; തേജസ്വിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 31, 12:38 pm
Saturday, 31st October 2020, 6:08 pm

പട്‌ന: മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അശ്വിനി ചൗബേ.

ആളുകളുടെ പ്രശ്‌നം മനസ്സിലാക്കാന്‍ കഴിയാത്ത പത്താം ക്ലാസ് പോലും പാസാകാത്ത ഒരാളാണ് എഞ്ചിനീയറിംഗ് ബിരുദമുള്ള നിതീഷ് കുമാറിനെ എതിര്‍ക്കാന്‍ വരുന്നതെന്നായിരുന്നു അശ്വിനിയുടെ പ്രസ്താവന.

”പ്രശ്നങ്ങള്‍ മനസിലാക്കാത്ത, പത്താം ക്ലാസ് പരീക്ഷ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആ വ്യക്തിയാണ് എഞ്ചിനീയറിംഗ് ബിരുദമുള്ള നിതീഷ് കുമാറിനെ വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന് മന്ത്രിസഭ എന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പോലും കഴിയില്ല. അദ്ദേഹത്തിന്റെ അച്ഛന്റെ ആദ്യ കാബിനറ്റ് തീരുമാനമായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരില്‍ നിന്നും പണം വാങ്ങിച്ചതല്ലാതെ ഒന്നും ചെയ്തില്ല. ജോലികള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോഴും ഡസ്റ്റ്ബിനില്‍ ഉണ്ട്, ”ചൗബേ ആരോപിച്ചു.

ബീഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ മഹാസഖ്യവും എന്‍.ഡി.എയും തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിരിക്കുകയാണ്.

നിതീഷ് കുമാര്‍ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് ബീഹാര്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ടു.

ദുര്‍ഗപൂജക്കിടെയുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. ദുര്‍ഗാ വിഗ്രഹ പൂജയ്ക്കിടെ മുന്‍ഗെറില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മദന്‍ മോഹന്‍ ഝായാണ് ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

‘ദുര്‍ഗാദേവിയുടെ നിരപരാധികളായ ഭക്തര്‍ക്ക് നേരെ ലാത്തി ചാര്‍ജിനും വെടിവെയ്പ്പിനും ഉത്തരവിട്ടത് ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാരാണ്,” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലാ പറഞ്ഞു.

മുന്‍ഗെര്‍ വെടിവെയ്പ്പിന് ഉത്തരവാദി നിതീഷ് കുമാറാണെന്ന് ആരോപിച്ച് നേരത്തെ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tejashwi Yadav Can’t Even Spell “Cabinet”: BJP Leader Ashwini Choubey