| Tuesday, 3rd November 2020, 2:21 pm

ബീഹാര്‍ ജനതയ്ക്ക് ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും മറന്നിട്ടില്ലല്ലോ അല്ലേ? മോദിയോട് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് ആര്‍.ജെ.ഡി നേതാവും മഹാഗദ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. കത്തില്‍ ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ്  ബീഹാര്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും തേജസ്വി ആരോപിക്കുന്നു.

‘ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബീഹാര്‍ ജനതയ്ക്ക് നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും മറന്ന് കാണില്ലാ എന്ന് കരുതുന്നു,’ കത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് തേജസ്വി ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി പ്രധാനമന്ത്രി ബീഹാറില്‍ സജീവമാണ്. ഇതിനിടെയാണ് മോദിയ്ക്ക് തേജസ്വി യാദവ് കത്തയക്കുന്നത്.

നവംബര്‍ ഒന്നിനെഴുതിയ കത്ത് ഇന്നാണ് തേജസ്വി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദി വാഗ്ദാനം ചെയ്തിട്ടും നടപ്പാക്കാതെ പോയ കാര്യങ്ങളെ തേജസ്വിയുടെ കത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

ബീഹാറിന്റെ പ്രത്യേക പദവിയും ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജും അതില്‍പ്പെടുന്നു.

‘എത്രകാലം ബീഹാറിന് പ്രത്യേക പദവി നിങ്ങള്‍ നിഷേധിക്കും? 40ല്‍ 39എം.പിമാര്‍ നിങ്ങള്‍ക്കുണ്ടായിട്ടും ഈ നിയമങ്ങളൊന്നും ഭേദഗതി ചെയ്യാന്‍ നിങ്ങള്‍ക്കായില്ലല്ലോ. മറ്റു വിഷയങ്ങളില്‍ നിങ്ങള്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയില്ലേ?,’ തേജസ്വി യാദവ് എഴുതി.

പട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്ര പദവി നല്‍കാതിരിക്കുന്നതെന്തുകൊണ്ടാണ്. കൊവിഡ് സാഹചര്യത്തില്‍ ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

‘വിദേശത്ത് നിന്നുള്ളവരെ ബീഹാറിലേക്ക് കൊണ്ട് വരാന്‍ നിങ്ങള്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കി. എന്നാല്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളെ നിങ്ങള്‍ അവഗണിച്ചു,’ തേജസ്വി യാദവ് പറഞ്ഞു.

നേരത്തെയും മോദിയോട് ചോദ്യങ്ങളുമായി തേജസ്വി രംഗത്തെത്തിയിരുന്നു. ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാര്‍ ദര്‍ബംഗയിലും മുസാഫര്‍പൂരിലും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ വാഗ്ദാനം പാലിച്ചില്ല, ഡോക്ടര്‍മാരെ പോലും നിയമിച്ചില്ലെന്നും വാഗ്ദാനത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്നും തേജസ്വി ചോദിച്ചിരുന്നു.

പട്നയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും പട്ന നഗര്‍ നിഗത്തിന്റെ അതിന്‍മേലുള്ള ഇടപെടലുകളെ കുറിച്ചും താങ്കള്‍ സംസാരിക്കാന്‍ തയ്യാറാകുമോ എന്നും രാജ്യത്തെ 10 വൃത്തിയില്ലാത്ത നഗരങ്ങളില്‍ ആറെണ്ണവും ബീഹാറിലാണെന്ന കാര്യം ജനങ്ങളോട് വെളിപ്പെടുത്താന്‍ താങ്കള്‍ തയ്യാറാകുമോ? എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ ബീഹാറില്‍ ഉണ്ടായതെന്ന് വിശദീകരിക്കാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.

ശ്രീജന്‍ അഴിമതിക്കേസിലെ പ്രതികളെ ഇതുവരെ സി.ബി.ഐ തൊടാത്തത് എന്തുകൊണ്ടാണ്, എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം പ്രതികള്‍ കറങ്ങുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.

ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും. ജെ.ഡി.യു ബി.ജെ.പി സഖ്യം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സഖ്യം വിട്ട ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി ഒറ്റക്കാണ് മത്സരിക്കുന്നത്. ബീഹാറില്‍ നിതീഷ് കുമാറിന് വലിയ വെല്ലുവിളി തന്നെയാണ് തേജസ്വി യാദവ് ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav asks Modi that last promises were made by last election

We use cookies to give you the best possible experience. Learn more