നേപ്പാള്‍ ട്രൈ നേഷന്‍ കപ്പിലെ നെതര്‍ലന്‍ഡ്‌സ് താരം തേജ നിദമാനുരുവിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറടിക്കുകയും 600 എന്ന സ്‌ട്രൈക്ക് റേറ്റില്‍ പുറത്താവുകയും ചെയ്താണ് താരം റെക്കോഡിട്ടത്.
നമീബിയക്കെതിരായ മത്സരത്തില്‍ വെറും മൂന്ന് പന്ത് മാത്രമാണ് ഈ ഇന്ത്യന്‍ വംശജന്‍ നേരിട്ടത്. ആ മൂന്ന് പന്തിലും സിക്‌സര്‍ നേടി 18 റണ്‍സും താരം തന്റെ പേരില്‍ കുറിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി.
ഇതോടെ 600 എന്ന അത്യപൂര്‍വ സ്‌ട്രൈക്ക് റേറ്റാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഇതിന് പുറമെ മറ്റൊരു റെക്കോഡും തേജ നിദാമനുരുവിനെ തേടിയെത്തി. ഒന്നിലധികം പന്ത് നേരിട്ട് എല്ലാ പന്തിലും സിക്‌സര്‍ നേടുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാവുകയും ചെയ്യുന്ന ടി-20 ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
അതേസമയം, ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മൈക്കല്‍ ലെവിറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഓറഞ്ച് ആര്‍മി സ്‌കോര്‍ ഉയര്‍ത്തി.
ലെവിറ്റ് 62 പന്തില്‍ 11 ഫോറും പത്ത് സിക്‌സറും അടക്കം 135 റണ്‍സ് നേടി. 217.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും സൂപ്പര്‍ താരം മാക്‌സ് ഒ ഡൗഡും നിരാശപ്പെടുത്തിയെങ്കിലും ലെവിറ്റിന് കട്ട സപ്പോര്‍ട്ടുമായി സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട് തകര്‍ത്തടിച്ചു. 40 പന്തില്‍ 75 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സറും ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഒടുവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 247 എന്ന നിലയില്‍ നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
248 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശുന്ന നമീബിയ തോല്‍വി ഒഴിവാക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 114 എന്ന നിലയിലാണ് നമീബിയ.
Content highlight: Teja Nidamanuru is the first player dismissed after facing more than one ball, and hitting sixes on each of them and out in nor strikers end