| Thursday, 29th November 2018, 4:08 pm

ഐശ്വര്യയില്‍ നിന്നും വിവാഹമോചനം വേണ്ട; ഹരജി പിന്‍വലിച്ച് തേജ് പ്രതാപ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹബന്ധം വേര്‍പെടുത്തണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ നിന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവ് പിന്മാറി.

നവംബര്‍ 3 ന് നല്‍കിയ ഹരജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു തേജ് പ്രതാപ് നിലപാട് വ്യക്തമാക്കിയത്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തേജ് പ്രതാപ് കോടതിയെ അറിയിക്കുകയായിരുന്നു.

വിവാഹിതനായി ആറ് മാസത്തിനകമായിരുന്നു തേജ്പ്രതാപ് യാദവ് വിവാഹമോചന ഹര്‍ജിയുമായി പാറ്റ്നയിലെ കുടുംബ കോടതിയെ സമീപിച്ചത്.


സുനില്‍ പി ഇളയിടവും സണ്ണി എം കപിക്കാടും ചെയ്യുന്നത് ശവങ്ങള്‍ മാന്തി മാറ്റിയെടുക്കുന്ന കുറുനരികളുടെ ജോലി: സി.ആര്‍ പരമേശ്വരന്‍


വിവാഹമോചന ഹരജി നല്‍കിയതിന് പിന്നാലെ തേജ് പ്രതാപ് യാദവ് ആശുപത്രിയില്‍ കഴിയുന്ന പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം തേജ് പ്രതാപ് സ്വവസതിയിലേക്ക് മടങ്ങിയിരുന്നില്ല. വിവാഹമോചന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കുടുംബം നിര്‍ബന്ധിക്കുന്നെന്ന് പറഞ്ഞായിരുന്നു തേജ് പ്രതാപ് വീട്ടില്‍ നിന്നും വിട്ടുനിന്നത്.

വിവാഹമോചനത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാരും സുഹൃത്തുക്കളും തേജ് പ്രതാപിനെ നിര്‍ബന്ധിച്ചുവരുകയായിരുന്നു. തേജ് പ്രതാപിന്റെ വിവാഹമോചന ഹര്‍ജി, 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സാധ്യതകളെയും ബാധിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആര്‍.ജെ.ഡി എം.എല്‍.എ ചന്ദ്രിക റായിയുടെ മകളും മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമാണ് ഐശ്വര്യ റായ്.

വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹം കഴിച്ചതെന്നും ഐശ്വര്യ റായിയുമായി ഒത്തുപോകാന്‍ കഴിയില്ല എന്നുമാണ് തേജ്പ്രതാപ് പറഞ്ഞത്. കുടുംബത്തിന്റേയും പാര്‍ട്ടിയുടേയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്നും തേജ് പ്രതാപ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more