| Thursday, 23rd March 2017, 8:19 pm

അതിര്‍ത്തിയിലെ പട്ടാളക്കാരനുഭവിക്കുന്ന യാതനകളെക്കുറിച്ച് വെളിപ്പെടുത്തിയ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; വാര്‍ത്ത നിഷേധിച്ച് ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ കഴിയുന്ന പട്ടാളക്കാര്‍ അനുഭവിക്കുന്ന യാതനകളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചു പറഞ്ഞ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് കൊല്ലപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. തേജ് ബഹദൂറിന്റെ മൃതദേഹമെന്ന തരത്തില്‍ പ്രചരിച്ച ചിത്രമാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

എന്നാല്‍ വാര്‍ത്ത നിരസിച്ച് തേജ് ബഹദൂറിന്റെ ഭാര്യ ശര്‍മ്മിളാ ദേവി രംഗത്തെത്തുകയായിരുന്നു. തേജ് ബഹദൂര്‍ പൂര്‍ണ്ണാരോഗ്യവാനാണെന്നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്നും ഭാര്യ വ്യക്തമാക്കി.

മരിച്ചു കിടക്കുന്ന പട്ടാളക്കാരന്റെ ചിത്രത്തോടൊപ്പം തേജ് ബഹദൂറിന്റേയും ചിത്രം ചേര്‍ത്തു വച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ തേജ് ബഹദൂര്‍ മരിച്ചിട്ടില്ലെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അറിയിച്ചു.

ജമ്മു-കാശ്മീരിലെ സാമ്പയില്‍ അദ്ദേഹത്തെ പോസ്റ്റ് ചെയ്തിരിക്കുകയാണെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ബി.എസ്.എഫ് വക്താവ് ഷുഭേന്ദു ഭരദ്വാജ് അറിയിച്ചു. വാര്‍ത്ത നിരസിച്ച് തേജ് ബഹദൂറിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയറിഞ്ഞ് മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ തന്നെ വിളിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചെന്നും ശര്‍മ്മിള പറയുന്നു.


Also Read:മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അങ്കമാലി ഡയറീസില്‍ ഉപയോഗിച്ചതിനെതിരെ മകള്‍ നിയമ നടപടിക്ക് 


അതേസമയം തേജ് ബഹദൂറിന്റേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബി.എസ്.എഫ് അന്വേഷണം ആരംഭിച്ചതായ് അറിയിച്ചിട്ടില്ലെങ്കിലും ചിത്രം സോഷ്യല്‍ മീഡിയയില്‍ അപ്പ്‌ലോഡ് ചെയ്തയാളെ കുറിച്ചു വിവരം ലഭിച്ചതായാണ് അഭ്യൂഹങ്ങള്‍.

നേരത്തെ അതിര്‍ത്തിയില്‍ സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെ കുറിച്ചും മറ്റും ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തറിയിച്ചായിരുന്നു തേജ് ബഹദൂര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പട്ടാള മേലുദ്യോഗസ്ഥരുടെ അഴിമതികളെക്കുറിച്ചും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തേജ് ബഹദൂറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


Don”t Miss: ടി.പി കേസ് പ്രതികള്‍ക്കും നിസാമിനും ശിക്ഷയിളവിനായി യു.ഡി.എഫ് ഭരണകാലത്തും ശുപാര്‍ശ; മുന്‍ സര്‍ക്കാരിന്റെ പട്ടികയില്‍ സന്തോഷ് മാധവനും


പിന്നീട് തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന പരാതിയുമായി തേജ് ബഹദൂറിന്റെ ഭാര്യ രംഗത്തു വരികയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും തേജ് ബഹദൂര്‍ തന്നോട് പറഞ്ഞതായും അവര്‍ ആരോപി്ച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ബി.എസ്.എഫ് രംഗത്തെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more