| Thursday, 27th June 2019, 12:06 pm

ആണവയുദ്ധ ഭീഷണി: ഇറാനെ തകര്‍ക്കാന്‍ യു.എസിന് മറ്റുവഴികളൊന്നുമില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: മറ്റൊരു രാജ്യത്തിനെതിരെ ആണവയുദ്ധം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് മാത്രമല്ല, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതെന്താണെന്ന് ചിന്തിക്കുന്നയാള്‍ പോലുമല്ലെന്നാണ് വ്യക്തമാക്കുന്നതെന്നും ഇറാനിയന്‍ വിദേശകാര്യമന്ത്രി

‘യുദ്ധ ഭീഷണി മുഴക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.എന്‍ നിയമമുണ്ട്.’ ഇറാനിയന്‍ ധനമന്ത്രി ജവാദ് ശരീഫ് പറഞ്ഞു.

‘യു.എസിന്റെ ലക്ഷ്യം അങ്ങേയറ്റം നിയമവിരുദ്ധമാണെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. ഇറാനെ ഛിന്നഭിന്നമാക്കാനുള്ള അവസ്ഥയിലല്ല യു.എസ്. നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചല്ലാതെ അവര്‍ക്കതിനുള്ള ക്ഷമതയുമില്ല.’ അദ്ദേഹം പറഞ്ഞു.

നിരോധിത ആയുധങ്ങള്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ജവാദ് ശരീഫ് വ്യക്തമാക്കിയിട്ടില്ല.

യുദ്ധത്തിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ യുദ്ധമുണ്ടായാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കുനേരെ ആക്രമണം നടന്നതിനു പിന്നാലെ യു.എസിനും ഇറാനും ഇടയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ആണവ പദ്ധതിയില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പരിധി ഉടന്‍ മറികടക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടാങ്കറുകള്‍ക്കുനേരെ നടന്ന ആക്രമണത്തിനു പിന്നാലെ ഇറാനിയന്‍ അതിര്‍ത്തിയിലെത്തിയ യു.എസ് ആളില്ലാ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെ ഇറാനുനേരെ ആക്രമണം നടത്താന്‍ ട്രംപ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം ട്രംപ് നിലപാട് മാറ്റുകയായിരുന്നു.

150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ ആക്രമണം വേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ വിശദീകരണം. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ വിശദീകരണം.

‘ ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് ഞാന്‍ അത് വേണ്ടെന്നു പറഞ്ഞു. ആളില്ലാ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയതിന് തുല്യമാകില്ല അത്.’ എന്നാണ് ട്രംപ് പറഞ്ഞത്.

2015ലെ ആണവകരാറില്‍ നിന്നും യു.എസ് ഏകകക്ഷീയമായി പിന്മാറിയതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങളുടെ തുടക്കം.

ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യു.എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യു.എസ് ഇപ്പോള്‍.

We use cookies to give you the best possible experience. Learn more