[]ന്യൂദല്‍ഹി തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗീകപീഡനക്കേസിനെ തുടര്‍ന്ന് തെഹല്‍ക്കയില്‍ നിന്ന് ജീവനക്കാരുടെ കൂട്ട രാജി. തെഹല്‍ക്കയിലെ പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്ന നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് രാജി വച്ചൊഴിഞ്ഞത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാവുമെന്ന് സൂചനയുണ്ട്. ലിറ്റററി എഡിറ്റര്‍ ഷോഗത്ത് ദാസുള്‍പ്പെടെയുള്ള നാല് പേരാണ് രാജിവച്ചത്. കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ജെ. മസൂംദാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ രേവതി ലോല്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ കണാല്‍ മജുംദാര്‍ എന്നിവരാണ് രാജിവച്ചൊഴിഞ്ഞ പ്രമുഖര്‍.
വിഷയം കൈകാര്യം ചെയ്തതില്‍ സ്ഥാപനത്തിന് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചാണ് തെഹല്‍ക്കയിലെ ജീവനക്കാര്‍ കൂട്ടരാജിയിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഗോവയില്‍ വെച്ച് തരുണ്‍ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ആരോപണം.
സംഭവത്തില്‍ തേജ്പാലിനെതിരെ മാനഭംഗകുറ്റവും സ്ത്രീത്വത്തെ അപമാനിച്ച കുറ്റവും ചുമത്തി ഗോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 354, 376, 376 രണ്ട(കെ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം തടവും പരമാവധി ജീവപരന്ത്യവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് കേസന്വേഷിക്കുന്ന ഗോവന്‍ പൊലീസ് തെഹല്‍ക്ക മനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെയും മറ്റ് ചില ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.
ലൈംഗിക പീഡനം ഒളിച്ച വയ്ക്കാന്‍ ശ്രമിച്ച തെഹല്‍ക്ക പത്രാധിപര്‍ ഷോമക്കെതിരെയും പോലീസ് കേസെടുക്കുമെന്നാണ് സൂചന. തരുണിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും വാര്‍ത്തയുണ്ട്.