| Saturday, 28th April 2012, 10:11 am

ആയുധഇടപാട്: കോടതി വിധി ചരിത്രസംഭവമെന്ന് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന തെഹല്‍ക ലേഖകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെഹല്‍ക പുറത്തുകൊണ്ടുവന്ന പ്രതിരോധ അഴിമതിക്കേസില്‍ ഒരു രാഷ്ട്രീയക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് ചരിത്ര സംഭവമാണെന്ന് മാത്യു സാമുവല്‍. പ്രതിരോധ ഇടപാടിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെന്ന് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ വാര്‍ത്ത സൃഷ്ടിച്ച തെഹല്‍ക പത്രപ്രവര്‍ത്തക ടീമിലെ അംഗമായിരുന്നു മലയാളിയായ മാത്യു സാമുവല്‍.

അഴിമതിക്കേസ് അന്വേഷിച്ചതിന്റെ പേരില്‍ തെഹല്‍ക അടച്ചുപൂട്ടലിലേക്ക് നീങ്ങിയിരുന്നു. തെഹല്‍കയ്ക്കുമാത്രമല്ല അന്വേഷണം നടത്തിയ പത്രപ്രവര്‍ത്തകര്‍ക്കും പലതും നേരിടേണ്ടി വന്നു. ഭരണകൂടം പത്രപ്രവര്‍ത്തകരെ ഏറെ നാള്‍ വേട്ടയാടി. 11 വര്‍ഷത്തിനിടയില്‍ പലതും അനുഭവിച്ചു. താമസിച്ച വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. ഇന്റലിജന്‍സ് ബ്യൂറോയും മറ്റും തന്നെയും കുടുംബാംഗങ്ങളെയും പിന്തുടര്‍ന്നു. അമേരിക്കന്‍ ഏജന്റാണെന്നു വരെ പ്രചാരണമുണ്ടായി.  5000 പേജ് വരുന്ന മൊഴിപ്പകര്‍പ്പാണ് കോടതി മുമ്പാകെ നല്‍കിയത്. കേസന്വേഷണത്തിന്റെ ഘട്ടത്തില്‍ ഒളിക്യാമറയുടെ ആധികാരികതയില്‍ അന്വേഷകര്‍ക്ക് സംശയം തീര്‍ന്നില്ല. കോടതി വരാന്ത കയറിയിറങ്ങേണ്ടി വന്നു. അതൊക്കെയും പിന്നിട്ട് കോടതിയില്‍ നിന്നൊരു വിധി വരുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്.

“ഒനിയന്‍ ലൈവ എന്ന മാഗസീനിന്റെ എഡിറ്ററാണ് അദ്ദേഹമിപ്പോള്‍. പ്രതിരോധ ഇടപാടുകളില്‍ രാഷ്ട്രീയക്കാര്‍ കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസില്‍തന്നെ സൈനികോദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്് നേരത്തെ കണ്ടെത്തി. 10 കൊല്ലത്തിന് ശേഷമാണെങ്കിലും ഒരു രാഷ്ട്രീയ നേതാവുകൂടി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുകയാണ്. അഴിമതിയെക്കുറിച്ച് അന്വേഷിച്ച ടീമിലെ അംഗമെന്ന നിലക്ക് ഇത് ഏറെ ആഹ്ലാദം പകരുന്നു.

ഇന്ത്യയിലെ പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയൊരു വഴിത്തിരിവിലാണ് തെഹല്‍കയുടെ പ്രതിരോധ അഴിമതി അന്വേഷണം. ബോഫോഴ്‌സിന് ശേഷം ഉറങ്ങിക്കിടന്ന മാധ്യമലോകത്തെ ഉണര്‍ത്തിയത് തെഹല്‍കയുടെ അന്വേഷണമാണ്.  പത്രപ്രവര്‍ത്തക ലോകത്തിന് തന്റേടവും ആര്‍ജവവും പകര്‍ന്ന സംഭവമായിരുന്നു ആ വെളിപ്പെടുത്തലെന്ന് സാമുവല്‍ പറഞ്ഞു.

11 വര്‍ഷം മുമ്പ് തെഹല്‍ക വെബ്‌പോര്‍ട്ടല്‍ ഒളിക്യാമറ വെച്ചു നടത്തിയ ദൗത്യത്തിലാണ് ബംഗാരൂലക്ഷ്മണ്‍ കുടുങ്ങിയത്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പിയുടെ അധ്യക്ഷനായിരുന്നു ബംഗാരു ലക്ഷ്മണ്‍. ആയുധ വ്യാപാരികളെന്ന വ്യാജേന സമീപിച്ച തെഹല്‍ക വെബ്‌പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ബംഗാരു ലക്ഷം രൂപ പാര്‍ട്ടിയുടെ ആസ്ഥാനത്തുവെച്ച് കൈപ്പറ്റി മേശവലിപ്പില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. 2001 മാര്‍ച്ച് 13ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ ബംഗാരുവിന്റെ സ്ഥാനം നഷ്ടമാക്കി.

അന്ന് പ്രതിരോധമന്ത്രിയായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനും രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ കേസ്സെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

പ്രതിരോധമേഖലയിലെ അഴിമതി പുറത്തുകൊണ്ടുവന്ന ആദ്യത്തെ ഒളിക്യാമറ ദൗത്യമായിരുന്നു ഓപ്പറേഷന്‍ വെസ്റ്റന്‍ഡ് എന്ന് പേരിട്ട തെഹല്‍കയുടെ ഒളിക്യാമറ പദ്ധതി. ലെപെജ് 90, അലിയോണ്‍, ക്രൂജര്‍ 3000 എന്നീ നാലാം തലമുറയില്‍പ്പെട്ട തെര്‍മല്‍ ക്യാമറകള്‍ സേനയ്ക്ക് വില്‍ക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയൊക്കെ തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ ആയുധവ്യാപാരികളെന്ന വ്യാജേന കാണുന്നുണ്ട്. ഇങ്ങനെയൊരു തെര്‍മല്‍ ക്യാമറ നിലവിലില്ലെന്നതാണ് വസ്തുത. വെസ്റ്റന്‍ഡ് എന്ന ആയുധവ്യാപാര സ്ഥാപനത്തിന് വേണ്ടിയെന്ന വ്യാജേനയായിരുന്നു തെഹല്‍കയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന അനിരുദ്ധ ബഹാലും പത്രപ്രവര്‍ത്തകനായ മാത്യു സാമുവലും എല്ലാവരെയും കാണുന്നത്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more