| Wednesday, 19th November 2014, 9:21 am

തെഹല്‍ക മാനേജിംങ് എഡിറ്റര്‍ മാത്യു സാമുവലിനെ ജയിലിലടച്ചുവെന്ന വാര്‍ത്ത വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ മാത്യൂ സാമുവലിനെ ജയിലിലടച്ചെന്ന വാര്‍ത്ത വ്യാജം. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം അദ്ദേഹത്തിനെതിരെ കേസ് നിലവില്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായി അദ്ദേഹത്തിനെ ജയിലിലടച്ചുവെന്നുമായിരുന്നു വാര്‍ത്ത.

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് തെഹല്‍ക്കയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. അദ്ദേഹം സ്വന്തം വസതിയിലുണ്ടെന്നും തെഹല്‍ക്ക അധികൃതര്‍ പറഞ്ഞു.

ദേശീയമാധ്യമങ്ങളുള്‍പ്പെടെ മാത്യു സാമുവല്‍ അറസ്റ്റിലായെന്ന വാര്‍ത്ത നല്‍കിയിരുന്നു. 2000 ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച തെഹല്‍കയില്‍ ഡച്ച് സര്‍ക്കാറുമായി ബന്ധപെട്ട ചില രേഖകള്‍ തെഹല്‍ക പുറത്ത് വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ ഒക്‌ടോബര്‍ 13ന് ഇദ്ദേഹത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമത്തിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സാമുവല്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. വൈകുന്നേരത്തോടെ കോടതി മാത്യു സാമുവലിന് ജാമ്യം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവായത്.

ഈ വര്‍ഷമാണ് മാത്യു സാമുവല്‍ തെഹല്‍ക മാനേജിംങ് എഡിറ്ററായി ചുമതലയെടുത്തിരുന്നത്. നേരത്തെ അദ്ദേഹം തെഹല്‍കയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ആയുധ ഇടപാടിലെ അഴിമതി വെളിച്ചത്ത് കൊണ്ട് വന്ന “ഓപറേഷന്‍ വെസ്റ്റ് എന്‍ഡ്” എന്ന പേരില്‍ നടത്തിയ സ്റ്റിംഗ് ഓപറേഷന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

We use cookies to give you the best possible experience. Learn more