ന്യൂദല്‍ഹി: കേരള ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, റോബര്‍ട്ട് വധേര തുടങ്ങിയവരുള്‍പ്പടെ നിരവധി പ്രമുഖര്‍ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന കണ്ടെത്തലുമായി തെഹല്‍ക മാഗസിന്‍. സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരുമുള്‍പ്പടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ആനുകൂല്യം കൈപറ്റിയതിന്റെ വിവരങ്ങള്‍ ദല്‍ഹി പ്രസ്‌ക്ലബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തെഹല്‍ക മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
സിവില്‍ ഏവിയേഷന്‍ ഡയറക്ടറായിരിക്കെയാണ് ഭരത് ഭൂഷണ്‍ സൗജന്യം കൈപറ്റിയതായി തെഹല്‍ക കണ്ടെത്തിയത്. കുടുംബത്തോടൊപ്പം അമൃതസറില്‍ നിന്ന് ദല്‍ഹിയിലേക്ക് യാത്ര ചെയ്യാനായി ഒരു ലക്ഷം രൂപ വരുന്ന ടിക്കറ്റുകള്‍ സൗജന്യമായി കൈപറ്റിയെന്നും ഇവരുടെ യാത്ര ഉറപ്പാക്കാനായി ടിക്കറ്റുള്ള മറ്റ് യാത്രക്കാരുടെ യാത്ര ജെറ്റ് അധികൃതര്‍ നിഷേധിച്ചതായും തെഹല്‍ക കണ്ടെത്തി. അതേ സമയം സര്‍വീസില്‍ തനിക്ക് രണ്ട് മാസങ്ങള്‍ മാത്രമേയുള്ളൂവെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും ഭൂഷണ്‍ തെഹല്‍കയോട്് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരത് ഭൂഷണ്‍, വധേര എന്നിവരെ കൂടാതെ മുന്‍ വ്യോമായന മന്ത്രി അജിത് സിംഗ്, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, കുടുംബാംഗങ്ങള്‍ എന്നിവരും ആനുകൂല്യം കൈപറ്റിയതായി തെഹല്‍ക പറയുന്നു. വധേരയും അദ്ദേഹത്തിന്റെ പങ്കാളി മനോജ് അറോറ എന്നിവര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ യാത്രാസമയത്ത് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്‌തെന്നും പത്ത് തവണയോളം ഇങ്ങനെ യാത്ര ചെയ്‌തെന്നും തെഹല്‍ക പറയുന്നു. പകരമായി വിമാന കമ്പനികള്‍ക്ക് വിദേശ പൈലറ്റുമാരെ റിക്രൂട്ടു ചെയ്യാനുള്ള അനുമതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയെന്നും തെഹല്‍ക പറയുന്നു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് മാളവ്യ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വകുപ്പില്‍ ഡെപ്യൂട്ടേഷനിലായിരിക്കെ 6 കോടിയോളം രൂപയുടെ യാത്ര കേവലം ഒരു ലക്ഷം രൂപക്ക് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തെ കൂടാതെ മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കെ.എന്‍ ശ്രീവാസ്തവ, മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ലളിത് ഗുപ്ത തുടങ്ങിയവരും തെഹല്‍കയുടെ പട്ടികയിലുണ്ട്.