| Thursday, 15th June 2023, 12:52 pm

ഗുജറാത്തിനെ അപമാനിച്ചു; ടീസ്ത രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവ: ജാമ്യാപേക്ഷ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ് ഗുജറാത്തിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അവര്‍ രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവയാണെന്നും ഗുജറാത്ത് സര്‍ക്കാര്‍. വ്യാഴാഴ്ച ഗുജറാത്ത് ഹൈക്കോടതിയില്‍ ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഗുജറാത്ത് സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2002ലെ ഗുജറാത്ത് കലാപക്കേസിലെ ഗൂഢാലോചന കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്റെ ഈ പരാമര്‍ശങ്ങള്‍.

ടീസ്തയെ ജാമ്യത്തില്‍ വിട്ടാല്‍ ഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടേക്കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി. 2002ലെ കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് പ്രചരിപ്പിച്ചെന്നും, വ്യാജ തെളിവുകള്‍ ഹാജരാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റുള്ളവരേയും കുടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് സെതല്‍വാദിനെതിരെയുള്ള കുറ്റങ്ങള്‍.

ഗുജറാത്തിനെ ഇകഴ്ത്തി കാണിക്കുന്ന രാഷ്ട്രീയക്കാരുടെ കയ്യിലെ പാവയാണ് ടീസ്തയെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അമീന്‍ ആരോപിച്ചു. സഞ്ജീവ് ഭട്ട്, ആര്‍.ബി. ശ്രീകുമാര്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് 2002 ഗോധ്ര കലാപത്തിന് പിന്നാലെ സര്‍ക്കാരിനെ അട്ടിമറിക്കാനും ടീസ്ത സെതല്‍വാദ് ശ്രമിച്ചെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് സെതല്‍വാദിന്റെ ശ്രമങ്ങളെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഒരു പ്രത്യേക പാര്‍ട്ടിയുടെ രാഷ്ട്രീയ നേതാവാണ് ടീസ്തയെ ഇറക്കിയതിന് പിന്നിലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

ഇതിനായി 2008ല്‍ സെതല്‍വാദിന്റെ അടുത്ത സഹായി റയീസ് ഖാനും നരേന്ദ്ര ബ്രഹ്‌മഭട്ടും നല്‍കിയ സാക്ഷിമൊഴികളും പ്രോസിക്യൂട്ടര്‍ ഇന്ന് ഉദ്ധരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദിലെ സര്‍ക്യൂട്ട് ഹൗസില്‍ സെതല്‍വാദും പട്ടേലും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു ഖാന്റെ പ്രസ്താവന. ചില വ്യക്തികളെ ശിക്ഷിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ പട്ടേല്‍ സെതല്‍വാദിനോട് നിര്‍ദേശിച്ചെന്നായിരുന്നു ഈ മൊഴി.

കോണ്‍ഗ്രസ് നേതാവില്‍ നിന്ന് സെതല്‍വാദ് 30 ലക്ഷം രൂപ കൈപ്പറ്റിയെന്ന കുറ്റപത്രത്തിലെ വാദത്തെയും പ്രോസിക്യൂട്ടര്‍ പിന്തുണച്ചു. സര്‍ക്കാരിന്റെ എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവില്‍ നിന്ന് സെതല്‍വാദിന് സാമ്പത്തിക സഹായം ലഭിച്ചതിന് തെളിവുകള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘവും കോടതിയില്‍ അവകാശപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലും സെഷന്‍സ് കോടതിയില്‍ സമാനമായ കാരണങ്ങള്‍ ഉയര്‍ത്തി ടീസ്തയുടെ ജാമ്യാപേക്ഷയെ ബി.ജെ.പി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

Content Highlights: Teesta Setalvad tried to defame Gujarat, gujarat govt questions bail pea

We use cookies to give you the best possible experience. Learn more