ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറും റിമാന്‍ഡില്‍. മെട്രോപൊളിറ്റന്‍ മജിസിട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡില്‍ വിട്ടത്. ആറു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച ഇവരെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. 14 ദിവസത്തേക്കായിരിക്കും റിമാന്‍ഡ്.
കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ പെരുമാറ്റം മാന്യമായിരുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഏഴു മണിക്കൂര്‍ മാത്രമാണ് തന്നെ ആകെ ചോദ്യം ചെയ്തതെന്നും ടീസ്ത കോടതിയില്‍ ബോധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജയിലില്‍ സംരക്ഷണം നല്‍കണമെന്ന് ടീസ്ത കോടതിയെ അറിയിച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി പ്രതികള്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ഉണ്ടെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ടീസ്ത കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇവരോടൊപ്പമുള്ള സെല്ലില്‍ ഇടരുതെന്നും ടീസ്ത അപേക്ഷയില്‍ വ്യക്തമാക്കി. ടീസ്തയ്ക്കു വേണ്ടി അഭിഭാഷകനായ സോമനാഥ് വാട്‌സ് ആണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ടീസ്തയുടെ ആവശ്യം നിരസിച്ചു. ജയിലില്‍ ഇപ്പോഴേ ആവശ്യത്തിന് സുരക്ഷയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കഴിഞ്ഞ മാസമാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്യുന്നത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രീം കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കോടതി നടപടിയ്‌ക്കെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.
ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.
‘വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല.
അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു,’ എന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. എന്നാല്‍
യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
‘ടീസ്ത സെതല്‍വാദിനും മറ്റ് രണ്ട് വ്യക്തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകള്‍ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്.
ഇന്ത്യയിലെ അധികാരികള്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ സ്ഥാപിതമായ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം നിയമ നടപടികളെ ആക്ടിവിസത്തിനുവേണ്ടിയുള്ള പീഡനമായി മുദ്രകുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും സ്വീകരിക്കാനാകില്ല,’ ഇന്ത്യ വ്യക്തമാക്കി.
Content Highlight: teesta setalvad and rb sreekumar remanded for 14 days