ന്യൂദല്‍ഹി: ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെയും, മുന്‍ ഉത്തര്‍പ്രദേശ് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിന്റെയും ജാമ്യഹരജി വീണ്ടും നിരസിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന അഹമ്മദാബാദ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹരജി നിരസിച്ചത്.
വിവിധ കാരണങ്ങളാല്‍ നാലുതവണ മാറ്റിവെച്ചതിനു ശേഷമാണ് ജാമ്യത്തില്‍ തീരുമാനമായത്. അഡീഷണല്‍ ചീഫ് ജഡ്ജി ഡി.ഡി. ഠാക്കൂര്‍ വിരമിക്കാനിരിക്കെയാണ് ജാമ്യം നിരസിച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജതെളിവുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചുവെന്നും നിരപരാധികളെ കുടുക്കിയെന്നും അന്ന് ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെന്നുമാരോപിച്ചാണ് ജൂണ്‍ 25 ന് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഐ.പി.സി 194, 468 വകുപ്പുകള്‍ പ്രകാരം ടീസ്തയും ശ്രീകുമാറും കഴിഞ്ഞ മാസം മുതല്‍ ജയിലിലായിരുന്നു.
വ്യാജ തെളിവുകളുണ്ടാക്കിയെന്നാരോപിച്ച് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസില്‍ ജയിലിലായിരുന്ന ഇദ്ദേഹത്തെ ടാന്‍സ്ഫര്‍ വാറണ്ട് വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
നേരത്തേ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ആര്‍.ബി. ശ്രീകുമാര്‍ അസംതൃപ്തനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ആര്‍.ബി. ശ്രീകുമാര്‍ സമര്‍പ്പിച്ച ജാമ്യഹരജിക്കെതിരെയായിരുന്നു സംഘത്തിന്റെ സത്യവാങ്മൂലം.
സംസ്ഥാനത്തെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും ദുരുദ്ദേശത്തോടെയാണ് ആര്‍.ബി. ശ്രീകുമാര്‍ നേരിട്ടതെന്നും അവരെ അപകീര്‍ത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
ഗുജറാത്ത് കലാപകേസില്‍ നിലവിലെ പ്രധാനമന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇവരുടെ അറസ്റ്റ്. സുപ്രീം കോടതി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ക്ലീന്‍ ചിറ്റ് നല്‍കിയ വിധി വന്നതിന് പിന്നാലെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹരജി കോടതി നിരസിക്കുകയായിരുന്നു.
2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മോദിക്കെതിരെയുള്ള ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വിശദീകരിച്ചത്.
ശ്രീകുമാറും സംഘവും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും ടീസ്തയ്ക്കും സ്ഞ്ജീവ് ഭട്ടിനും വിഷയത്തില്‍ പങ്കാളിത്തമുണ്ടെന്നും, ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവത്തിന് ശേഷമുള്ള ദിവസങ്ങളില്‍ തന്നെ ശ്രീകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയെന്നും എസ്.ഐ.ടി അന്ന് ആരോപിച്ചിരുന്നു.
Content Highlight: Teesta Setalvad and R.B. Sreekumar’s bail plea also rejected again