മതവിദ്വേഷം പ്രചരിപ്പിക്കാനും ക്രമസമാധാനം തകര്‍ക്കാനും പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ഒരു ശാഖ മാത്രമാണ് ടീസ്ത; ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പോസ്റ്റുകളാണ് സുബൈര്‍ പ്രചരിപ്പിച്ചത്; ബി.ജെ.പി
ന്യൂദല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെയും, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി. പ്രതിപക്ഷം വിഷം നിറഞ്ഞ ചുറ്റുപാടിലാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് കൂട്ടത്തില്‍ ഒരാള്‍ പിടിയിലാകുമ്പോള്‍ മറ്റുള്ളവര്‍ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിപക്ഷം അവരുടെ സൗകര്യത്തിനനുസരിച്ചാണ് രാജ്യത്തെ നിയമവ്യവസ്ഥയെ വിശ്വസിക്കുന്നതും എതിര്‍ക്കുന്നതുമെന്നും പ്രതിപക്ഷത്തിന് രാജ്യത്തിന്റെ നിയമസംവിധാനത്തില്‍ എന്തെങ്കിലും വിശ്വാസമുണ്ടോയെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. ബി.ജെ.പി ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ടീസ്ത സെതല്‍വാദിനെതിരായ നടപടി സുപ്രീം കോടതി അനുശാസിച്ചത് പ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും കലാപത്തെക്കുറിച്ചും പൊള്ളയായ ആരോപണങ്ങള്‍ നടത്തിയതിനാണ് ടീസ്തയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത് 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് എതിരെ വരെ പൊള്ളയായ ആരോപണങ്ങളാണ് ടീസ്ത ഉയര്‍ത്തിയത്. ഇതിനെതിരെയൊക്കെയാണ് നിലവിലെ അറസ്റ്റ്.
മതവിദ്വേഷം പ്രചരിപ്പിക്കാനും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ഒരു ശാഖ മാത്രമാണ് ടീസ്ത സെതല്‍വാദ്. അവര്‍ അത് ഭംഗിയായി ചെയ്യുന്നു. ഈ വിദ്വേഷ പ്രചാരണത്തിന്റെ ആസ്ഥാനം കോണ്‍ഗ്രസാണ്. ഈ വിദ്വേഷപ്രചാരണത്തിന് ആഹ്വാനം നല്‍കുന്നതാകട്ടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും,’ ഭാട്ടിയ പറഞ്ഞു.
താനൊരു ഫാക്ട് ചെക്കര്‍ ആണെന്ന് സ്വയം പറഞ്ഞതുകൊണ്ട് മാത്രം അയാളൊരു ഫാക്ട് ചെക്കര്‍ ആകുന്നില്ലെന്നും ഹിന്ദു മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ കുറിച്ച് ഭാട്ടിയ നല്‍കിയ വിശദീകരണമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഒരാള്‍ ഒറ്റയ്ക്ക് ‘ഞാനൊരു ഫാക്ട് ചെക്കര്‍’ ആണ് എന്ന് പറഞ്ഞത് കൊണ്ട് ഒരാള്‍ ഒരിക്കലും ഒരു ഫാക്ട് ചെക്കര്‍ ആകുന്നില്ല. സുബൈര്‍ എന്ന വ്യക്തി പലയാവര്‍ത്തി അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ വിദ്വേഷപരമായ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. അത് രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദു മതവിശ്വാസികളുടെ മതവികാരത്തെയാണ് വ്രണപ്പെടുത്തിയത്,’ ഭാട്ടിയ പറഞ്ഞു.
‘ഒരാള്‍ ഫാക്ട് ചെക്കര്‍ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഒരിക്കലും സെലക്ടീവാകാന്‍ കഴിയില്ല. ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയോ സമുദായത്തെയോ മാത്രം പിന്തുണച്ചുകൊണ്ട് അദ്ദേഹം പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അതിനെ നിഷ്പക്ഷമെന്ന് വിളിക്കാന്‍ കഴിയില്ല.
സുബൈറിന്റെ അറസ്റ്റിന്മേലുള്ള പ്രതിഷേധവും ടീസ്തയുടെ അറസ്റ്റിന് മേലുണ്ടായ പ്രതിഷേധവും തമ്മില്‍ ബന്ധമുണ്ടെങ്കില്‍, നടപടിയ്ക്ക് നേരെ സമാന ആരോപണങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നതെങ്കില്‍ അവിടെ വിഷം നിറഞ്ഞ ചുറ്റുപാടുണ്ടായിരിക്കും,’ ഭാട്ടിയ പറഞ്ഞു.
2020ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന വ്യാജേനയായിരുന്നു സുബൈറിനെ പൊലീസ് വിളിപ്പിച്ചത്. ഈ കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഹൈക്കോടതി സുബൈറിന് സംരക്ഷണം ഒരുക്കിയിരുന്നു. ചോദ്യം ചെയ്യലിനിടെ ട്വീറ്റുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് നോട്ടീസ് നല്‍കുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സുബൈറിന്റെ അക്കൗണ്ടില്‍ നിന്നും മൂന്ന് മാസത്തിനിടെ 50 ലക്ഷം രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നുമായിരുന്നു ദല്‍ഹി സൈബര്‍ ക്രൈം ഡി.സി.പി കെ.പി.എസ് മല്‍ഹോത്ര പറഞ്ഞത്. എന്നാല്‍ ആള്‍ട്ട് ന്യൂസിന് ലഭിച്ച ഡൊണേഷനുകള്‍ സുബൈറുമായി ബന്ധിപ്പിക്കാനാണ് ഡി.സി.പി ശ്രമിക്കുന്നതെന്നായിരുന്നു ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹയുടെ പ്രതികരണം.
നാല് ദിവസത്തെ കസ്റ്റഡിയിലേക്കാണ് നിലവില്‍ സുബൈറിനെ വിട്ടിരിക്കുന്നത്. ട്വീറ്റ് ചെയ്യാനുപയോഗിച്ച ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കേണ്ടതുണ്ടെന്നും, പൊലീസുമായി കേസന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് സുബൈറിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. ഏഴ് ദിവസത്തേക്കാണ് പൊലീസ് സുബൈറിനെ കസ്റ്റഡിയില്‍ ചോദിച്ചതെങ്കിലും നാല് ദിവസമാണ് കോടതി അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍ ആണ് സുബൈറിന് വേണ്ടി വാദിച്ചത്.
1983ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ‘കിസി സേ ന കഹ്‌നാ’ എന്ന ചിത്രത്തിലെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് കേസെന്ന് വൃന്ദ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചു. ഫോട്ടോ എഡിറ്റ് ചെയ്താണ് പോസ്റ്റ് ചെയ്തതെന്ന് പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് എഡിറ്റ് ചെയ്തിട്ടില്ലെന്നും സിനിമയില്‍ നിന്നുള്ളത് തന്നെയാണെന്നും വൃന്ദ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153(എ), 295(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സുബൈറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്തെത്തിയിരുന്നു. സുബൈറിനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥമാണെന്നായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതികരണം. സുബൈറിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ തെറ്റുകളെക്കുറിച്ചും, മതഭ്രാന്തിനെയും വിമര്‍ശിക്കുന്നവരെയെല്ലാം ബി.ജെ.പിക്ക് ഭയമാണെന്നും, പ്രതികരിക്കുന്ന ഒരു ശബ്ദത്തെ നിശബ്ദമാക്കാന്‍ നോക്കിയാല്‍ ജനിക്കുന്നത് എതിര്‍പ്പിന്റെ ആയിരം ശബ്ദങ്ങളായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയെ കൊലപ്പെടുത്തിയ കേസിലെ സുപ്രീം കോടതി വിധിയില്‍ പിഴവുകളുണ്ടെന്നും തിരുത്തല്‍ ഹരജി ആവശ്യമാണെന്നും സി.പി.ഐ.എം പ്രതികരിച്ചിരുന്നു. ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് വേണ്ടി നിരന്തരം പോരാടിയ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനേയും, ആര്‍.ബി ശ്രീകുമാറിനേയും എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
ടീസ്തയെപ്പോലുള്ളവര്‍ക്ക് മേലുള്ള അറസ്റ്റ് ജനാധിപത്യബോധമുള്ളവര്‍ക്ക് നേരെയുള്ള ഭീഷണിയാണ്. കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിനുള്ള പങ്ക് ചോദ്യം ചെയ്യരുതെന്ന ഭീഷണി അതിലുണ്ടെന്നും സി.പി.ഐ.എം പ്രതികരിച്ചു. പരാതിക്കാരെ പ്രതികളാക്കുന്ന, ചോദ്യം ചെയ്യപ്പെടേണ്ട സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നീതിക്കുവേണ്ടി 16 വര്‍ഷം നടത്തിയ പോരാട്ടത്തില്‍ ദുരുദ്ദേശം ആരോപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നതെന്നും സി.പി.ഐ.എം കൂട്ടിച്ചേര്‍ത്തു.
Content Highlight: Teesta just a branch of Congress working to spread religious hatred and disrupt law and order; Zubair circulated posts hurting Hindu beliefs; BJP