| Tuesday, 7th January 2025, 8:07 pm

ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ പെൺകുട്ടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗർ: ഗുജറാത്ത് കാച്ചിൽ കുഴൽക്കിണറിൽ വീണ 18 കാരി മരിച്ചു.  33 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ  കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

ജില്ലയിലെ ഭുജ് താലൂക്കിലെ കണ്ടേരായ് ഗ്രാമത്തിൽ ജനുവരി 6 തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടി കുഴൽക്കിണറിൽ വീണത്. 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് കൗമാരക്കാരി കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

കുഴൽക്കിണറിന് ഒരടി വ്യാസമുണ്ടായിരുന്നതും പെൺകുട്ടിയുടെ വലിപ്പവും അതിൽ ആഴത്തിൽ കുടുങ്ങിയതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെന്നും അധികൃതർ പറഞ്ഞു.

ഭുജ് മുനിസിപ്പാലിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ, പ്രാദേശിക എമർജൻസി റെസ്‌പോൺസ് ടീം, പൊലീസ്, പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൻ്റെയും (ബി.എസ്.എഫ് ) ടീമുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.

രാജസ്ഥാനിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകളാണ് കുട്ടി. പ്രായപൂർത്തിയായ ഒരു പെൺകുട്ടി കുഴൽക്കിണറിൽ വീണുവെന്ന കുടുംബത്തിൻ്റെ മൊഴിയിൽ അധികൃതർക്ക് ആദ്യം സംശയമുണ്ടായിരുന്നു. പിന്നീട് ക്യാമറയുടെ സഹായത്തോടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കിണറിൽ കുട്ടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Content Highlight: Teenager brought out of borewell in Gujarat’s Kutch, rushed to hospital

We use cookies to give you the best possible experience. Learn more