ഉത്തര്‍പ്രദേശിലെ ബന്‍ഡയ്ക്കടുത്ത് മാവായ് ബുസുര്‍ഗ് ഗ്രാമത്തിലെ സുരേഷ് എന്ന യുവാവാണ് അമ്മയുടെ സാരി ഉപയോഗിച്ച് വീട്ടില്‍ തൂങ്ങി മരിച്ചത്.
ബന്‍ഡ(യുപി): പരീക്ഷാ ഫീസടയ്ക്കാന്‍ ദിവസങ്ങളോളം ക്യൂ നിന്നിട്ടും ബാങ്കില്‍നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു.
ഉത്തര്‍പ്രദേശിലെ ബന്‍ഡയ്ക്കടുത്ത് മാവായ് ബുസുര്‍ഗ് ഗ്രാമത്തിലെ സുരേഷ് എന്ന യുവാവാണ് അമ്മയുടെ സാരി ഉപയോഗിച്ച് വീട്ടില്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച ബാങ്കില്‍നിന്നു മടങ്ങിവന്നതിനുശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
പഞ്ചെനി ഡിഗ്രി കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയായിരുന്ന സുരേഷിന് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഫീസിനുള്ള പണം പിന്‍വലിക്കാന്‍ സുരേഷ് ബാങ്കിനു മുന്നില്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ ബാങ്കിനുനേരെ കല്ലേറു നടത്തി. കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ പണം നല്‍കാന്‍ കഴിയാതെ മൂന്ന് വയസുകാരി ചികിത്സ കിട്ടാതെ മരിച്ചിരുന്നു.