“”ഞാനിന്ന് വീട്ടിലേക്ക് പോകുകയാണ്. വീട്ടുകാരേയും കുടുംബക്കാരേയും കാണാമെന്ന സന്തോഷം എനിക്കുണ്ട്. ലോകത്താകമാനമുള്ള ആരാധകരില്‍ നിന്ന് എനിക്ക് ശക്തമായ പിന്തുണ ലഭിച്ചു. നന്ദിയുണ്ട്. സോഫിയ ഫേസ്ബുക്കിലെഴുതി””
നവംബര്‍ 17ന് മക്കാവു സര്‍ക്കീട്ടില്‍ നടന്ന എഫ് 3 റേസിനിടെയാണ് ജര്‍മനിയുടെ കൗമാരക്കാരിയായ ഡ്രൈവര്‍ സോഫിയയുടെ ജീവിതം മാറിമറിഞ്ഞ അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ സോഫിയയുടെ കാര്‍ സുരക്ഷാ ബാരിക്കേഡുകളും തകര്‍ത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടം കണ്ട് ടി.വി.ഒഫിഷ്യല്‍സ് ഒറ്റവാക്കില്‍ വിധിയെഴുതിയത് ഇനി ആ വളയം എഫ്.ത്രീയുടെ ട്രാക്കില്‍ ഉണ്ടാകില്ല എന്നാണ്. റേസിങ് പ്രേമികളും ലോകവും പിന്നീട് സോഫിയ എന്ന കൗമാരക്കാരിയുടെ തിരിച്ചുവരവിനായിട്ടാണ് പ്രാര്‍ഥിച്ചത്.
ഒമ്പത് മണിക്കൂറിന് ശേഷം ലോകത്തെ സന്തോഷിപ്പിച്ച് ആ വാര്‍ത്ത പുറത്തു വന്നു. അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ വിധി തോറ്റ് പിന്‍മാറി. 9 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സോഫിയ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണെന്ന് ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.
അപകടത്തെ തുടര്‍ന്ന് താരത്തിന്റെ സ്‌പൈനല്‍ കോഡിലേക്ക് അപകടകരമാം വിധം എല്ലുകളുടെ ചീളുകള്‍ കയറിയത് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല ഇനി ട്രാക്കിലേക്കൊരു തിരിച്ചുവരവിന്റെ സാധ്യത വിരളമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷെ സോഫിയ തളരാന്‍ തയ്യാറല്ല.
“”ഞാന്‍ എന്റെ രണ്ടാം പുനര്‍ജന്മമാണ് മക്കാവുവില്‍ ആഘോഷിച്ചത്. ഇപ്പോള്‍ ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണ്. എനിക്ക് തിരിച്ചുവരണം.ഞാന്‍ വരും. 2019 ലേക്ക് ശ്രദ്ധകൊടുക്കാം””. ഫ്‌ലോറെഷ് കുറിച്ചു. അതെ അവളിനി തിരിച്ചുവരാനുള്ള യാത്രയിലാണ്.
സോഫിയയുടെ വാഹനം ഇടിച്ച ജാപ്പനീസ് ഡ്രൈവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തലക്ക് പിറകില്‍ സാരമായി പരുക്കേറ്റ ഇവര്‍ക്ക് മക്കാവുവില്‍ തന്നെ വിദഗ്ദ ചികിത്സ നല്‍കി. റേസ് കമ്മീഷണര്‍ക്കും രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപകടത്തില്‍ പരുക്കേറ്റു.
അപകടം നടന്നതിനെ തുടര്‍ന്ന് ഇന്റര്‍ നാഷണല്‍ മോട്ടോറിങ് ഫെഡറേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കീട്ടില്‍ സുരക്ഷ സൗകര്യമില്ലെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നുണ്ട്.
ഇതുവരെ മക്കാവു സര്‍ക്കീട്ടില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ റേസില്‍ കഴിഞ്ഞ കൊല്ലമാണ് ബ്രിട്ടന്റെ ഡാനിയല്‍ ഹെഗാര്‍ട്ടി കൊല്ലപ്പെട്ടത്. അതിന് മുമ്പ് 2012ല്‍ മോട്ടോര്‍ സൈക്കിള്‍ റേസില്‍ പോര്‍ച്ചുഗീസിന്റെ ലൂയിസ് കരീരയും ഹോങ്കോങിന്റെ ഫിലിപ് യാവുവും കൊല്ലപ്പെട്ടിരുന്നു.