കൈപ്പത്തിക്ക് വോട്ട് കുത്തിയപ്പോള്‍ താമരയ്ക്ക് പോയില്ല; എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ ഉണ്ടായിരുന്നുവെന്ന് ടിക്കാറാം മീണ
D' Election 2019
കൈപ്പത്തിക്ക് വോട്ട് കുത്തിയപ്പോള്‍ താമരയ്ക്ക് പോയില്ല; എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ ഉണ്ടായിരുന്നുവെന്ന് ടിക്കാറാം മീണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 5:11 pm

തിരുവനന്തപുരം: കോവളത്ത് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണമുയര്‍ന്ന ബൂത്തിലെ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ ഉണ്ടായിരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എന്നാല്‍ ഒരു ചിഹ്നത്തില്‍ വോട്ട് ചെയ്തപ്പോള്‍ മറ്റൊരു ചിഹ്നത്തിനു പോയി എന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യന്ത്രം മാറ്റിവെയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോള്‍ താമരയ്ക്ക് വോട്ട് പോയി എന്ന ആരോപണം അദ്ദേഹം ശരിവെച്ചിട്ടില്ല.

വോട്ടിങ് യന്ത്രത്തില്‍ പ്രശ്‌നങ്ങളില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ വാസുകി വോട്ടെടുപ്പ് ദിവസം ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നത്. ഈ വാദത്തെ തള്ളിയാണ് മീണയുടെ വിശദീകരണം.

ഇങ്ങനെ പല സ്ഥലങ്ങളിലും സംഭവിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ യന്ത്രം മാറ്റി മറ്റൊന്നു വെയ്ക്കാറുണ്ടെന്നും മീണ പറഞ്ഞു.

കോവളത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് വോട്ടെടുപ്പ് ദിവസം പ്രശ്‌നമുണ്ടായത്. ഇതേത്തുടര്‍ന്നു കുറച്ചുനേരെ വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു.