തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടു നിന്നാല്‍ കര്‍ശന നടപടി യുണ്ടാകുമെന്നും മീണ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ലെന്നും മീണ പറഞ്ഞു. വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ പ്രതിനിധികളെയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ലെന്നും 100 ശതമാനം നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ നടപടി വരും. വിമുഖത കാണിച്ചാല്‍ സസ്പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ഏപ്രില്‍ രണ്ടാം വാരത്തിനുള്ളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. വിഷുവിനും റമദാനും മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പെട്ടെന്ന് നടത്തേണ്ടതില്ലെന്നാണ് ബി.ജെ.പി അഭിപ്രായപ്പെട്ടത്.
ഇത്തവണ കൂടുതല്‍ പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടാകുമെന്നും ഒരു ബൂത്തില്‍ 500- 1000 വരെയുള്ളവരായിരിക്കും വോട്ട് ചെയ്യുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചിക്കുന്നതെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.
വോട്ടെടുപ്പ് സമയം നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കും. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി ഏകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.
നിലവില്‍ മൂന്ന് ജില്ലകള്‍ പ്രശ്നബാധിത പ്രദേശങ്ങളായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക