ജനീവ: കൊവിഡ് 19 മഹാമാരിയെക്കാള്‍ മാരകമായേക്കാവുന്ന അടുത്ത മഹാമാരിക്ക് ലോകം തയ്യാറാവണമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കി. ലോകമെമ്പാടും കേസുകള്‍ ഒരു പരിധി വരെ സ്ഥിരത കൈവരിക്കുമ്പോഴേക്കും അത് സംഭവിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
കൊവിഡിന് ശേഷമുള്ള ആഗോള ആരോഗ്യ അടിയന്തരാവസ്ഥാ സാഹചര്യം മാറിയെങ്കിലും ഒരു ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയില്‍ ഇതൊരിക്കലും കൊവിഡിന്റെ അവസാനമല്ലെന്നും ടെഡ്രോസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനയുടെ തലവന്‍.
രോഗത്തിന്റെയും മരണത്തിന്റെയും പുതിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മറ്റൊരു കൊവിഡ് വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഗെബ്രിയേസസ് പറഞ്ഞു. ‘കൂടാതെ മാരകമായ സാധ്യതകളോടെ ഉയര്‍ന്നുവരുന്ന മറ്റൊരു രോഗകാരിയുടെ ഭീഷണിയും അവശേഷിക്കുന്നുണ്ട്.
മഹാമാരി നമ്മെ തകര്‍ത്തു. പക്ഷേ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നാം മാര്‍ഗലക്ഷ്യമായി തുടരേണ്ടതുണ്ട്. മഹാമാരിയെ പ്രതിരോധിച്ച അതേ ഉത്തരവാദിത്തത്തോടെയും നിശ്ചയദാര്‍ഢ്യത്തോടും കൂടി തുയര്‍ന്നും അവയെ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് കാണിക്കുന്നു’ അദ്ദേഹം പറഞ്ഞു.
2017ലെ ലോകാരോഗ്യ അസംബ്ലിയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ബില്യണ്‍ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയെയും പകര്‍ച്ചവ്യാധി ബാധിച്ചെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടന വരുന്ന അഞ്ച് വര്‍ഷം, ഒരു ബില്യണ്‍ ആളുകള്‍ക്ക് സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും, ആരോഗ്യ അത്യാഹിതങ്ങളില്‍ നിന്ന് മെച്ചപ്പെട്ട പരിരക്ഷ ലഭിക്കാനും, മികച്ച ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും ശ്രമിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.