| Wednesday, 30th January 2019, 6:04 pm

ചൈനയും അമേരിക്കയും തമ്മില്‍ 5ജി സാങ്കേതികയുദ്ധം; ഹവായ് കമ്പനിയെ തകര്‍ക്കാന്‍ ക്യാംപയിന്‍ ശക്തമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോങ്: ചൈനീസ് മൊബൈല്‍ കമ്പനിയായ ഹവായ്‌ക്കെതിരെ ക്യാംപയിന്‍ ശക്തമാക്കി അമേരിക്ക. ഹവായ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് ചാരസംഘടനയ്ക്ക് കൈമാറുന്നുണ്ടെന്നാണ് ആരോപണം. രാജ്യത്തിലെ പൗരന്‍മാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും കമ്പനി വെല്ലുവിളിയാണന്ന് യു.എസ്. പറയുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഹവായ് ഉടമയെ കാനഡയില്‍ അറസ്റ്റ് ചെയ്യുകയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഹവായ് വിരുദ്ധ ക്യാംപയിന് അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ക്യാപംയിനിലൂടെ കമ്പനിയുടെ വളര്‍ച്ചയെ തടുക്കാനായില്ലെന്ന് വിലയിരുത്തുന്നു. ചെറിയൊരു മാന്ദ്യം മാത്രമാണ് കമ്പനി നേരിട്ടതെന്നും സി.എന്‍.എന്നിന്റെ പഠനത്തില്‍ പറയുന്നുണ്ട്. മറ്റു കമ്പനികള്‍ ഇതുവരെ കണ്ടുപിടിക്കാത്ത അഞ്ചാം തലമുറ മൊബൈലുകളാണ് ഹവായ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ആപ്പിളിനേക്കാള്‍ ഹവായ് ഫോണിന് വിലയും തുച്ഛമാണ്. അതുകൊണ്ട് വരും വര്‍ഷങ്ങളില്‍ യൂറോപ്പടക്കമുള്ള മാര്‍ക്കറ്റില്‍ ഹവായ് മുന്നേറുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ക്യാംപയിനിലൂടെ ഹവായിയുടെ യൂറോപ്യന്‍, ഏഷ്യാ-പസഫിക്ക് മാര്‍ക്കറ്റില്‍ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ബീജിങിലുള്ള ഫോറെസ്റ്റര്‍ അനലിസ്റ്റ് ചാര്‍ലി ദായ് പറഞ്ഞു. പക്ഷെ ഭാവിയില്‍ ഹവായുടെ മാര്‍ക്കറ്റിനെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ആകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ: കര്‍ഷക ലോണിന്റെ മറവില്‍ മധ്യപ്രദേശില്‍ ബി.ജെ.പിയുടെ 2000 കോടിയുടെ അഴിമതി; കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് കമല്‍ നാഥ്

തിങ്കളാഴ്ചയാണ് ഹവായ് കമ്പനിയ്‌ക്കെതിരെ പുതിയ നീക്കവുമായി അമേരിക്ക രംഗത്ത് എത്തിയത്. വ്യാപര രഹസ്യങ്ങളും ചോര്‍ത്തിയെന്നും ബാങ്ക് വഞ്ചന നടത്തിയെന്നുമാരോപിച്ചാണ് കേസ്. യു.എസ് നീതിന്യായ വകുപ്പില്‍ ഹവായ്‌ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ അമേരിക്ക മനപ്പൂര്‍വം സൃഷ്ടിച്ച കേസുകളാണിതെല്ലാമെന്ന നിലപാടിലാണ് ഹവായ്.

സാങ്കേതിക വിദ്യയുടെ മേല്‍ ബീജിങും വാഷിങ്ടണും തമ്മിലുള്ള യുദ്ധത്തിന്റെ ഫലമാണ് ഹവായക്കെതിരെയുള്ള കേസെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചാംതലമുറ സാങ്കേതിക വിദ്യയിലും റോബോട്ടിക്ക് വിപ്ലവത്തിലും ചൈനയുടെ വളര്‍ച്ച അമേരിക്കയെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ചൈനയുടെ സാങ്കേതികവിദ്യയുടമേലുള്ള ഇതര രാജ്യങ്ങളുടെ വിശ്വാസ്യത തകര്‍ക്കലാണ് അമേരിക്കയുടെ ലക്ഷ്യമെന്നും സി.എന്‍.എന്‍. വിലയിരുത്തുന്നു.

അതേസമയം അമേരിക്കയുടെ ഉപരോധത്തില്‍ ഹവായ്ക്ക് പിടിച്ച് നില്‍ക്കാനാകില്ലെന്ന് ഗാവെക്കെല്‍ റിസര്‍ച്ച് സ്ഥാപനത്തിലെ ഡാന്‍ വാങ് പറയുന്നു. കാരണം സാങ്കേതിക വിദ്യയ്ക്ക് കമ്പനി ചെറിയതോതില്‍ ആശ്രയിക്കുന്നത് അമേരിക്കയെയാണ്. അതുകൊണ്ട് ഉപരോധം തിരിച്ചടിയാകുമെന്നും വാങ് അഭിപ്രായപ്പെടുന്നു.

അഞ്ചാം തലമുറ സാങ്കേതകി വിദ്യയില്‍ നിലവില്‍ ഹവായ് ആണ് മുന്നിലുള്ള കമ്പനി. ഉപരോധത്തിന് ശേഷം കമ്പനി 30 പുതിയ കരാറുകള്‍ ഒപ്പിട്ടതായും അവകാശപ്പെടുന്നു. അതുകൊണ്ട് ഹവായ് കമ്പനിയുടെ സാങ്കേതിക വിദ്യ ഒഴിച്ചുനിര്‍ത്തി 5ജി വിപ്ലവം പൂര്‍ത്തിയാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാല്‍ മറ്റുരാജ്യങ്ങളില്‍ ഹവായ് നില മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

നിലവില്‍ സാങ്കേതികവിദ്യയുടെ ഉല്‍പാദനത്തിലും വിതരണത്തിലും ലോകത്തിലെ ഏറ്ററ്വും മികച്ച കമ്പനിയാണ് ഹവായ് .അമേരിക്കയ്ക്ക് പുറമെ മറ്റൊരു രാജ്യവും കമ്പനിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട് ഫോണുകളുടെ വിതരണത്തില്‍ ആപ്പിളിനെ ഹവായ് മറികടന്നിരുന്നു. ഇതും ഹവായ്‌ക്കെതിരെ തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

ALSO READ: മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തികള്‍; മാന്യതവിട്ട എമിറേറ്റ് ഫാന്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

പക്ഷെ അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഹവായ് വിരുദ്ധ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചൈനീസ് സര്‍ക്കാരിന് ചാരപ്പണി ചെയ്യുന്നുണ്ടെന്നാരോപിച്ച് പോളണ്ട് ഹവായ് എക്‌സിക്യൂട്ടിവീനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം തലമുറ സാങ്കേതിക വിദ്യ വിതരണം ചെയ്യുന്നതില്‍ ഹവായ്ക്ക് ഓസ്‌ട്രേലിയയിലും ന്യുസീലന്‍ഡിലും വിലക്കുണ്ട്. ജര്‍മനിയും ഹവായെ വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍.

ബ്രിട്ടനില്‍ കൃത്യമായ നിരീക്ഷണത്തിലാണ് ഹവായ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തെ സ്വാഗതം ചെയ്യുകയാണ് ഹവായ്. അടുത്ത് തന്നെ ഈ സാഹചര്യം മാറുമെന്ന പ്രതീക്ഷ കമ്പനിയ്ക്കുണ്ട്. അമേരിക്കയെ വെല്ലുവിളിച്ചുള്ള സാങ്കേതിക മുന്നേറ്റം മാത്രമാണ് തങ്ങളുടെ തെറ്റെന്ന് കമ്പനി പറയുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാവസായിക-വ്യാപാര-സാങ്കേതിക വളര്‍ച്ചയുടെ തിരിച്ചടിയാണ് ഹവായ് നേരിടുന്നത്. ഹവായ് തകരുന്നതിലൂടെ ചൈനയുടെ സാങ്കേതിക വിദ്യയുടെ മേലുള്ള വളര്‍ച്ച തകര്‍ക്കാമെന്ന് അമേരിക്ക കണക്കുകൂട്ടുന്നതായി സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more