ഇ.വി.എം തകരാറ്: ആന്ധ്രയില്‍ വോട്ടെടുപ്പ് താറുമാറായി; ഇനിയെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ അപകടം തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറ് കാരണം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. ആന്ധ്രാപ്രദേശിലാണ് ഏറ്റവുമധികം തകരാറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആന്ധ്രയ്ക്കു പുറമേ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഇ.വി.എം തകരാറ് കാരണം വോട്ടെടുപ്പ് തടസപ്പെട്ടിട്ടുണ്ട്.
ആന്ധ്രയില്‍ ഇ.വി.എം തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് ജനസേനാ നേതാവ് ഇ.വി.എം എറിഞ്ഞുടച്ചു. അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
വിശാഖപട്ടണത്തില്‍ മാത്രം 30 ഓളം പോളിങ് സ്‌റ്റേഷനുകളിലാണ് ഇ.വി.എം തകരാറ് കാരണം വോട്ടെടുപ്പ് തടസപ്പെട്ടത്. ഇത് വോട്ടര്‍മാരെ രോഷാകുലരാക്കിയിട്ടുണ്ട്.
ആന്ധ്രയിലെമ്പാടുമുണ്ടായ സാങ്കേതിക തടസങ്ങള്‍ കണ്ടെങ്കിലും ഇ.വി.എമ്മുകളുടെ അപകടം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയണമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബൂത്ത് നമ്പര്‍ 75ല്‍ ഇ.വി.എം തകരാറ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇവിടെ വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ആര്യ ഇന്റര്‍ കോളജില്‍ സജ്ജീകരിച്ച പോളിങ് ബൂത്തിലും ഇ.വി.എം തകരാറിലായി. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പ് അരമണിക്കൂറോളം വൈകി.
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ 156ാം നമ്പര്‍ പോളിങ് ബൂത്തിലും ഇ.വി.എം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. ബീഹാറില്‍ ജാമുയി ലോക്‌സഭാ സീറ്റിലെ 204-205 ബൂത്തുകളില്‍ ഇ.വി.എം തകരാറ് റിപ്പോര്‍ട്ടു ചെയ്തു.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിലെ 80ല്‍ എട്ട് സീറ്റുകളില്‍ ഇന്ന് പോളിങ് നടക്കും.
സഹാറണ്‍പൂര്‍, ഗാസിയാബാദ്, ഖൈറാന, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗര്‍ എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍. മായാവതി, അഖിലേഷ് യാദവ്, അജിത് സിംഗ് ത്രയമാണ് ഇവിടെ ബി.ജെ.പിയെ എതിരിടുന്നത്. സഖ്യമില്ലാതെ കോണ്‍ഗ്രസ് ഇവിടെ ഒറ്റക്കാണ് മത്സരിക്കുന്നത്.
പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിന്‍ ഗഡ്കരി(നാഗ്പൂര്‍), കിരണ്‍ റിജിജു(വടക്കന്‍ അരുണാചല്‍), ജനറല്‍ വി.കെ. സിംഗ്(ഗാസിയാബാദ്), സത്യപാല്‍ സിംഗ്(ബാല്‍ഘട്ട്), മഹേഷ് ശര്‍മ്മ( ഗൗതം ബുദ്ധ നഗര്‍), ആര്‍.ജെ.ഡി. തലവന്‍ അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.