ബെംഗളൂരു: ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ഡിജിറ്റല്‍ അറസ്റ്റിന് ഇരയായി 11 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സൈബര്‍ തട്ടിപ്പുകാരാണ് ടെക്കിയായ യുവാവിന്റെ പണം തട്ടിയതെന്നാണ് പ്രാഥമിക വിവരം.
സൈബര്‍ തട്ടിപ്പുകാരായ ആളുകള്‍ മുംബൈ ക്രൈംബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരായി വേഷം മാറി യുവാവിനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബെംഗളൂരുവിലെ നോര്‍ത്ത് ഈസ്റ്റ് സൈബര്‍ ക്രൈം, ഇക്കണോമിക് ഒഫന്‍സ്, നാര്‍ക്കോട്ടിക് പൊലീസ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വിജയ്കുമാറാണ് തട്ടിപ്പിനിരയായത്. മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പണം കൈമാറിയിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ഇയാളെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയത്.
ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ആധാര്‍ കാര്‍ഡ് ദുരുപയോഗപ്പെടുത്തി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു യുവാവിന് മേല്‍ ചുമത്തിയ കുറ്റം. ഇയാള്‍ക്കെതിരെയുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും പ്രതികള്‍ അവകാശപ്പെടുകയായിരുന്നു.
ആദായനികുതി വകുപ്പിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു പ്രതികള്‍.
പിന്നാലെ പല തവണയായി 11.83 കോടി രൂപയോളം തട്ടിയെടുക്കുകയുമായിരുന്നു. ഗുരുതരമായ നടപടികള്‍ ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു പല തവണയായി പണം വാങ്ങിയിരുന്നത്. ഒരു മാസത്തില്‍ തന്നെ പല കാരണങ്ങള്‍ നടപടികളും ചൂണ്ടിക്കാട്ടി വലിയ തുകകള്‍ വാങ്ങിക്കുകയായിരുന്നു.
അതേസമയം യുവാവിനെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയ കാലയളവില്‍ പൊലീസ് അറസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി താമസിക്കാനും യുവാവിനോട് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരം യുവാവ് താമസസ്ഥലം മാറിയതായും ഇവര്‍ നിര്‍ദേശിച്ചതിനനുസരിച്ച് ബെംഗളൂരുവിലെ യെലഹങ്ക ലോഡ്ജില്‍ താമസമാക്കിയിരുന്നതായും യുവാവ് പൊലീസിനോട് പറഞ്ഞു.
അതേസമയം യുവാവിനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് യുവാവ് വര്‍ഷങ്ങളായി ചെയ്യുന്ന ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പിന്നാലെ വലിയ തുകകള്‍ കൊടുത്തിട്ടും പിന്നെയും തുക ആവശ്യപ്പെട്ടു കൊണ്ടിരുന്നതോടെ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവ് പൊലീസിനെ സമാപിക്കുകയായിരുന്നു.
Content Highlight: Techie becomes a victim of digital arrest in Bengaluru; 11 crore is reported to have been lost