സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ശരദ് പവാറിനെതിരെ പോസ്റ്റ്; ടെക്കി അറസ്റ്റില്‍
national news
സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ശരദ് പവാറിനെതിരെ പോസ്റ്റ്; ടെക്കി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2018, 5:37 pm

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പോസ്റ്റുകളിട്ട കേസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. അന്ധേരിയിലെ മിലിറ്ററി റോഡില്‍ താമസിക്കുന്ന നിഥിന്‍ ശിശോദെ എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ നിഥിന്‍ ശിശോദെ എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരെയായിരുന്നു ട്വിറ്ററില്‍ പോസ്റ്റുകളിട്ടത്. സച്ചിന്റെ മകളുടേതെന്ന പേരില്‍ വന്ന കമന്റുകള്‍ രാജ്യസഭയിസല്‍ വരെ ചര്‍ച്ചയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് സച്ചിന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി നേതൃത്വം രംഗത്ത് വന്നതോടെയാണ് സാറയുടെ ട്വിറ്റര്‍ അക്കൗണ്ട് വിവാദത്തിലാകുന്നത്.

“എല്ലാവര്‍ക്കും അറിയാം ശരദ് പവാറും എന്‍.സി.പി.യുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ല” എന്നായിരുന്നു മല്ല്യനെയിംസ്പവാര്‍ എന്ന ഹാഷ്ടാഗില്‍ ഒക്ടോബര്‍ ഒന്‍പതിന് സാറ ടെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ പറഞ്ഞത്.

പോസ്റ്റ് ചര്‍ച്ചയായതിനെത്തുടര്‍ന്ന് വിശദീകരിക്കണം എന്‍.സി.പിയുടെ നിയമസഭാംഗം ജിതേന്ദ്ര അവാഡ് സച്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിശദീകരണവുമായി രംഗത്തുവന്ന സച്ചിന്‍ സാറയുടെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ടാണെന്നും അവള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഞാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുപോലുള്ള ആള്‍മാറാട്ടങ്ങള്‍ ഞങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും മാനസികപ്രയാസങ്ങളും അതുണ്ടാക്കുന്ന ആശയക്കുഴപ്പവും വലുതാണെന്നും സച്ചിന്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. സച്ചിന്റെ പരാതിയെത്തുടര്‍ന്ന് ഈ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

സംഭവത്തെത്തുടര്‍ന്ന് സച്ചിന്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത നിഥിന്‍ ശിശോദെയില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.