[]പത്തനംതിട്ട: പത്തനംതിട്ട പന്തളം എമിനന്റ് പബ്ലിക്ക് സ്‌കൂളില്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട ഏഴ് അദ്ധ്യാപകരെ സ്‌കൂള്‍ മാനേജ്‌മെന്റ് പൂട്ടിയിട്ടു.
കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ ഏഴ് അദ്ധ്യാപകരെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്ത അധ്യാപകരെയാണ് സ്‌കൂളിന്റെ സ്റ്റോര്‍ റൂമില്‍ മാനേജ്‌മെന്റ് പൂട്ടിയിട്ടത്. []
കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ ഏഴ് അദ്ധ്യാപകരെ പുറത്താക്കിയ ശേഷം പുതുതായി പത്ത് അദ്ധ്യാപകര്‍ക്ക് പകരം നിയമനം നല്‍കിയത് ഈ അദ്ധ്യാപകര്‍ ചോദ്യം ചെയ്തതിരുന്നു. ഇതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്.
സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ട അധ്യാപകര്‍ വിവരം വീട്ടുകാരെ വിളിയിച്ചറിയിക്കുകയും വീട്ടുകാര്‍ പോലീസിനെയും മാധ്യമങ്ങളേയും വിവരം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി പൂട്ട് പൊളിച്ചാണ് അധ്യാപകരെ പുറത്തിറക്കിയത്. മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ നൂറ് കണക്കിനാളുകള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ഇവരെ പോലീസ് ഇടപെട്ട് ശാന്തരാക്കുകയുമായിരുന്നു.
സ്‌കൂള്‍മാനേജ്‌മെന്റ് തങ്ങള്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്നും സി.ബി.എസ്. ഇ മാനദണ്ഡപ്രകാരമുള്ള ശമ്പളം നല്‍കുന്നുണ്ടെന്ന് രേഖയുണ്ടാക്കുകയും തങ്ങളില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ബാങ്ക് ചെക്ക് വഴി ആ പണം മാനേജ്‌മെന്റ് തന്നെ പിന്‍വലിക്കാറാണ് ചെയ്യുന്നതെന്നും അധ്യാപകര്‍ വ്യക്തമാക്കി.
ബിരുദാനന്തര ബിരുദവും അതിന് മുകളിലും യോഗ്യതയുള്ള ഈ അധ്യാപകര്‍ പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നുണ്ടെങ്കിലും വെറും 3200 രൂപ മാത്രമാണ് ശമ്പളമായി നല്‍കിയിരുന്നതെന്നും അധ്യാപകര്‍ പറഞ്ഞു.
ഇത് ചോദ്യം ചെയ്യുന്ന അധ്യാപകരെ മാനസികമായി പീഡിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്യുകയാണ് മാനേജ്‌മെന്റ് എന്നും അധ്യാപകര്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസ് കൊടുക്കുമെന്ന് പൂട്ടിയിടപ്പെട്ട അധ്യാപകര്‍ പറഞ്ഞു.