Science and Tech
പ്രാഥമിക DSLR ക്യാമറകളിലെ പ്രമുഖൻ കാനൺ 1300Dയുടെ വിശേഷങ്ങളറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 18, 03:00 pm
Monday, 18th June 2018, 8:30 pm

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇരട്ട ക്യാമറ സംവിധാനം വന്ന ശേഷം DSLRകളുടെ പ്രാഥമിക മോഡലുകള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ പ്രിയമില്ല. ബൊക്കേ ഷോട്ടുകളെടുക്കാനും, പശ്ചാത്തലം ഫോകസ്സ് ആവാത്ത ചിത്രങ്ങള്‍ പകര്‍ത്താനും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ വഴി സാധിക്കും.

എന്നാല്‍ ക്യാമറയുടെ എല്ലാ മേഖലകളും സ്വന്തം താല്‍ പര്യങ്ങള്‍ക്കനുസരിച്ച് മാറ്റാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ഡി.എസ്.എല്‍.ആര്‍ ക്യാമറകളില്‍ ഫോട്ടോകള്‍ എടുക്കാനാണ് താല്‍പര്യപ്പെടുന്നത്. കാനണും നിക്കണുമാണ് പ്രാഥമിക ക്യാമറ മോഡലുകള്‍ പുറത്തിറക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കമ്പനികള്‍. ഇതില്‍ കാനണിന്റെ 1300D ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമായ മോഡലാണ്.

ഡിസൈന്‍

കാനണിന്റെ മുന്‍ മോഡലായ 1500Dയോട് ഏറെ സാമീപ്യമുള്ള രൂപകല്‍പ്പനയാണ് 1300Dയുടേത്. രണ്ടിനും ഒരേ ഭാരമാണ്. ബട്ടണുകളും രണ്ട് ക്യാമറകളിലും ഒരു പോലെയാണ്. ഭാരം കുറവായത് കൊണ്ട് ഒരു കൈ കൊണ്ട് ചിത്രങ്ങള്‍ പകര്‍ത്താന്‍ എളുപ്പമായിരിക്കും. അടിഭാഗത്ത് റബ്ബര്‍ ഉപയോഗിച്ചതിനാല്‍ ക്യാമറക്ക് നല്ല ഗ്രിപ്പുമുണ്ട്. ഇടത് ഭാഗത്ത് മിനി എച്ച്.ഡി.എം.ഐ പോര്‍ട്ടുമുണ്ട്. വൈഫൈ, എന്‍.എഫ്.സി സംവിധാനവും ക്യാമറയിലുണ്ട്.

പ്രത്യേകതകള്‍

24.1 മെഗാപിക്‌സല്‍ ആണ് ക്യാമറയുടെ ലെന്‍സിന്റെ ശേഷി. മുന്‍ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണിത്. എ.പി.എസ്. സി സെന്‍സറാണ് ക്യാമറക്ക് കരുത്ത് പകരുക. കൂടിയ റെസല്യൂഷനുള്ള സെന്‍സറാണിത്

100 മുതല്‍ 6400 വരെയാണ് ഐ.എസ്.ഓ റേഞ്ച്. ഇതുവഴി കുറഞ്ഞ വെളിച്ചത്തിലും മികവേറിയ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും.

ക്യാമറ വാങ്ങുമ്പോള്‍ ഒപ്പം ഒരു 16ജി.ബിയുടെ മെമ്മറി കാര്‍ഡ് കൂടെ കമ്പനി നല്‍കുന്നുണ്ട്.

മികച്ച ബാറ്ററി ദൈര്‍ഘ്യവും ക്യാമറക്കുണ്ട്.

38,000 രൂപയാണ് ഈ ക്യാമറയുടെ വിലയെങ്കിലും, പല ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിലും 30,000 രൂപയ്ക്ക് ലഭ്യമാണ്. നിക്കോണിന്റെ D3400 ആയിരിക്കും വിപണിയില്‍ ക്യാമറയുടെ മുഖ്യ എതിരാളികള്‍.