ന്യൂദല്‍ഹി: സര്‍ക്കാര്‍ പുറത്തിറക്കുന്ന ആപ്പുകള്‍ മൊബൈല്‍ ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി ടെക് കമ്പനികള്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ ആവശ്യവുമായി ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികളെ സമീപിച്ചത്. കമ്പനികള്‍ മൊബൈലുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
ഈ നീക്കത്തോടെ, സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പുറമെ മുന്നറിയിപ്പുകള്‍ കൂടാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗൂഗിളും ആപ്പിളും സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചതായാണ് വിവരം.
രാജ്യത്ത് ഏകദേശം 700 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളില്‍ 90 ശതമാനവും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായ ഗൂഗിളിന്റെ കീഴിലാണ്. ഈ തീരുമാനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആപ്പിളിനെയും ഗൂഗിളിനെയും ക്ഷണിച്ചിരുന്നു. ഇത്തരത്തില്‍ ആപ്പുകള്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റ സാധ്യതയെക്കുറിച്ചും അല്ലാത്തപക്ഷം പ്രസ്തുത കമ്പനികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.
നിലവില്‍, ഇന്ത്യയിലെ ആപ്പിള്‍, ഗൂഗിള്‍ ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴി സര്‍ക്കാരിന്റെ ആപ്പുകള്‍ ജനങ്ങള്‍ക്ക് വ്യക്തിഗതമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ ആപ്പ് സ്റ്റോറുകള്‍ ഒരു GOV.in ആപ്പ് സ്യൂട്ടിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് അവയുടെ ഉപയോഗം ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
2021ല്‍ റഷ്യന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ആപ്പിള്‍ ഇപ്രകാരം ചെയ്തിരുന്നു. ചില നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷന്‍ അന്ന് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
റഷ്യയെപ്പോലെ ഇന്ത്യയും ഒരു പ്രത്യേക ആപ്പ്-സ്യൂട്ട് നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നത്. ലോകത്ത് ടെക് കമ്പനികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന രാജ്യമാണ് ഇന്ത്യ. വീഡിയോ ആപ്പായ ടിക് ടോക്കിന് 2020ല്‍ നിരോധനം ഏര്‍പ്പെടുത്തിയതെല്ലാം ഈ നിയന്ത്രണത്തിന്റെ ഭാഗമാണ്.
Content Highlight: Tech companies have rejected the central government’s demand to pre-install government apps on phones