| Saturday, 23rd October 2021, 3:39 pm

എന്റെ പേര് വിക്രമാദിത്യ, ഞാനൊരു ദൈവമല്ല; എന്നാല്‍ നിങ്ങളിലൊരാളുമല്ല; പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ രാധേ ശ്യാമിന്റെ ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ റൊമാന്റിക് ഡ്രാമ ചിത്രം രാധേ ശ്യാമിന്റെ ടീസര്‍ പുറത്തുവിട്ടു. താരത്തിന്റെ പിറന്നാള്‍ ദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

വിക്രമാദിത്യ എന്ന പ്രഭാസിന്റെ നായകകഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള ടീസറില്‍ മറ്റൊരു കഥാപാത്രങ്ങളെയും കാണിച്ചിട്ടില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തിരുന്നു. കാര്യമായ ചിന്തയില്‍ മുഴുകി നില്‍ക്കുന്ന പ്രഭാസിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പോസ്റ്ററായിരുന്നു പുറത്തു വിട്ടത്.

ആരാണ് വിക്രമാദിത്യ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ പോസ്റ്റര്‍ തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രഭാസ് തന്നെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. പൂജയുടെ പിറന്നാള്‍ ദിവസമായ ഒക്ടോബര്‍ 13ന് ചിത്രത്തിലെ പൂജയുടെ കഥാപാത്രമായ ‘പ്രേരണ’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പ്രഭാസ് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.


പൂജാ ഹെഗ്‌ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യു.വി. ക്രിയേഷന്റെ ബാനറില്‍ വംശി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Teaser of the movie Radhe Shyam is out

We use cookies to give you the best possible experience. Learn more