| Saturday, 25th September 2021, 3:57 pm

പൃഥ്വിരാജിന്‍റെ ക്രൈം ത്രില്ലര്‍ 'ഭ്രമ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ഒക്ടോബര്‍ 7നാണ് ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്നത്.

റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോ. ചിത്രത്തിന്റെ സസ്‌പെന്‍സ് സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ടീസറും ഒരുക്കിയിരിക്കുന്നത്.

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ അന്ധാദുനില്‍ ആയുഷ്മാന്‍ ഖുരാന, രാധിക ആപ്‌തെ, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഛായാഗ്രാഹകന്‍ കൂടിയായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Teaser of Prithviraj movie Bramam released

We use cookies to give you the best possible experience. Learn more