Entertainment
'ലോകത്ത് മൂന്ന് തരത്തിലുള്ള മനുഷ്യരുണ്ട്' സിനിമ സ്റ്റൈൽ ത്രില്ലറുമായി കരിക്ക്; പൊരുൾ കണ്ടെത്തുമോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 07, 02:03 pm
Tuesday, 7th May 2024, 7:33 pm

മലയാളത്തിൽ സിനിമകൾ പോലെ ഏറെ ആരാധകരുള്ള ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകൾ.ഒരു സമയത്ത് തുടർച്ചയായി എപ്പിസോഡുകൾ ചെയ്ത് യൂട്യൂബിൽ നിറഞ്ഞ് നിന്നിരുന്ന കരിക്ക് ടീം ഈയിടെയായി ഓരോ വീഡിയോയ്ക്ക് ശേഷവും വലിയ ഗ്യാപ് എടുക്കാറുണ്ട്.

സാധാരണ ഓണം, ക്രിസ്മസ് തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ ദിവസങ്ങളിലും കരിക്ക് പുതിയ വീഡിയോസ് ഇറക്കാറുണ്ട്. തേരാപാര, പ്ലസ് 2 ഫ്രീ പിരിയിഡ്, ദൂസര, സ്കൂട്ട് തുടങ്ങി നിരവധി ജനപ്രിയ വെബ് സീരീസുകൾ കരിക്ക് മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കരിക്കിന്റെ പുതിയ വീഡിയോസിനായി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

മൊക്ക എന്ന കോമഡി സീരീസായിരുന്നു അവസാനമായി കരിക്കിൽ നിന്ന് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കിടിലൻ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് കരിക്ക്.


കരിക്കിന്റെ ഒരു ത്രില്ലർ സീരീസിന്റെ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പൊരുൾ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ അനു. കെ. അനിയനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മിസ്സിങ് കേസുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണമാണ് സീരീസിന്റെ ഇതിവൃത്തമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. മുമ്പിറങ്ങിയ എല്ലാത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി മേക്കിങ് കൊണ്ട് ഒരു സിനിമയെന്ന് തോന്നിപ്പിക്കുന്ന വിഷ്വൽസും മ്യൂസിക്കുമെല്ലാം ടീസറിൽ കാണുന്നുണ്ട്.

അനു.കെ. അനിയനൊപ്പം ജെയിംസ് ഏലിയ, ആൻ സലിം, മാല പാർവതി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൊരുൾ തേടിയുള്ള ഈ യാത്ര അവതരണം കൊണ്ടും പ്രകടനം കൊണ്ടും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഗൗതം സൂര്യ സംവിധാനം ചെയ്യുന്ന സീരീസിന്റെ റിലീസിങ് ഡേറ്റ് കരിക്ക് പുറത്തുവിട്ടിട്ടില്ല.

 

Content Highlight:  Teaser Of Porul, Krikku’s New Web Series