കൊലപാതകത്തിനും ബലാത്സംഗത്തിനും ആഹ്വാനം; ദല്‍ഹി കലാപത്തില്‍ ഹിന്ദുത്വ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ചര്‍ച്ചകള്‍
Communalism
കൊലപാതകത്തിനും ബലാത്സംഗത്തിനും ആഹ്വാനം; ദല്‍ഹി കലാപത്തില്‍ ഹിന്ദുത്വ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ചര്‍ച്ചകള്‍
ഇസ്മത്ത് ആറ
Tuesday, 7th July 2020, 8:32 pm

ന്യൂദല്‍ഹി: ഫെബ്രുവരി 26ന് രാത്രി 11.44ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍  രണ്ട് കൊലപാതങ്ങളെ പ്രശംസിച്ച് കൊണ്ടൊരു സന്ദേശം വന്നു. ” നിങ്ങളുടെ സഹോദരന്‍ രണ്ട് മുല്ലകളെ (മുസ്ലിംകളെ അപമാനിച്ച് കൊണ്ട് ഉപയോഗിക്കുന്ന വാക്ക്) ഭഗീരഥി വിഹാറിനടുത്ത് വെച്ച് കൊന്നു എന്നതായിരുന്നു ആ സന്ദേശം.

ഇതിനു പിന്നാലെ ഫെബ്രുവരി 27ന് മുപ്പതും പതിനാറും വയസ്സുള്ള മുഹമ്മദ് അമീര്‍, ഹാഷിം അലി എന്നീ രണ്ട് സഹോദരന്മാരുടെ മൃതദേഹം ഭഗീരഥി വിഹാറിലെ ഓവുചാലിനടുത്ത് കണ്ടെത്തുകയും ചെയ്തു. ശരീരത്തിലൊട്ടാകെ മുറിവുകളുമായാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെടുന്നതിന് മുന്‍പ് അമീര്‍ തന്റെ അമ്മ അസ്ഗാരിയെ വിളിച്ച് പത്ത് മിനിറ്റു കൊണ്ട് വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ പിന്നീടൊരിക്കലും അവന്‍ വീട്ടിലേക്ക് വന്നില്ല. ആ സമയത്തായിരുന്നു ദല്‍ഹിയില്‍ ലോക മനസാക്ഷിയെ ഞെട്ടിച്ച വര്‍ഗീയ കലാപം നടന്നത്. അതിന് ഇരയായ അമ്പതോളം പേരില്‍ രണ്ട് പേരാണ് സഹോദരങ്ങളായ അമീറും ഹാഷിമും.

അമീറിന്റെ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയും രണ്ട് പെണ്‍മക്കളും ഇപ്പോള്‍ ഒറ്റയ്ക്കാണ്. അവര്‍ ഇപ്പോഴും ഇദ്ദ ഇരിക്കുകയാണ്. (ഭര്‍ത്താവ് മരിച്ചാല്‍ മുസ്ലിം സ്ത്രീകള്‍ പുറത്തുപോകാതെ ഇരിക്കുന്ന ആചാരം) അമീറിന് നീതി ലഭിക്കണമെന്നാണ് അവര്‍ നിത്യവും പ്രാര്‍ത്ഥിക്കുന്നത്.

ദല്‍ഹി കലാപത്തില്‍ നടന്ന കൊലപാതകങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും നടത്തിയ ഗൂഢാലോചനയാണ് കലാപത്തിലേക്ക് വഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം ജൂണില്‍ പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വാട്‌സ്ആപ്പിലൂടെ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് അക്രമത്തിന് നേതൃത്വം നല്‍കിയതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ദല്‍ഹി പൊലീസ് അഡീഷണല്‍ പി.ആര്‍.ഒ അമിത് മിത്താല്‍ പുറത്തിറക്കിയ കുറിപ്പില്‍ കലാപം നടക്കുന്ന സമയത്ത് 125 അംഗങ്ങളടങ്ങുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചുവെന്ന് കണ്ടെത്തിയതായി വ്യക്തമാക്കുന്നുണ്ട്. ഈ ഗ്രൂപ്പില്‍ സജീവമായി നില്‍ക്കുന്ന രണ്ട് അംഗങ്ങളെ കണ്ടെത്തുകയും അവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവരുടെ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഫെബ്രുവരി 25ന് മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂടി ഉണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ പ്രസ്തുത ഗ്രൂപ്പിലെ ചിലര്‍ കലാപത്തില്‍ പങ്കെടുത്തിരുന്നുവെന്നും മറ്റ് ചിലര്‍ മെസേജുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നതായും മനസിലായി.

വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ഓവുചാലില്‍ നിന്നും കലാപബാധിത പ്രദേശങ്ങളില്‍ നിന്നും പതിനൊന്നോളം മൃതദേഹങ്ങളാണ് ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്ക് പ്രകാരം 53 പേരാണ് ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇതിലുപരി പലരുടെയും വസ്തുവകകള്‍ വലിയ രീതിയില്‍ അപഹരിക്കപ്പെടുകയും ചെയ്തു. പള്ളികളും സ്മാരക മണ്ഡപങ്ങളും വ്യാപകമായ രീതിയില്‍ ആക്രമിക്കപ്പെട്ടു.

ദല്‍ഹി കലാപസമയത്ത് ഉണ്ടാക്കിയ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് മാര്‍ച്ച് എട്ടോട് കൂടി 47 അംഗങ്ങള്‍ പുറത്തുപോയെന്ന് പൊലീസ് പറയുന്നു. കട്ടര്‍ ഹിന്ദുത് ഏക്ത എന്നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിന് ആദ്യം നല്‍കിയ പേര്. ഇത് പിന്നീട് ഹിന്ദു ഏക്ത സിന്ദാബാദ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. നാല് തവണയോളം ഗ്രൂപ്പിന്റെ പേര് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പ് വ്യത്യസ്തമായ പേര് പലതവണ സ്വീകരിച്ചുവെങ്കിലും അതില്‍ നടത്തിവന്നിരുന്ന സംഭാഷങ്ങള്‍ ഒരേ സ്വഭാവം പുലര്‍ത്തുന്നതായിരുന്നു. കലാപകാരികളെ അണിനിരത്താനും, അതത് ആളുകളുടെ അയല്‍ പ്രദേശങ്ങളില്‍ ശ്രദ്ധ ചെലുത്താനും മുസ്ലിംകളെ കൊല്ലാനും, ആയുധങ്ങള്‍  പങ്കിടാനും ഉദ്ദേശിച്ചുകൊണ്ട് രൂപീകരിച്ച ഗ്രൂപ്പായിരുന്നു അത്.

ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് എട്ടിനുമിടയില്‍ ഈ ഗ്രൂപ്പില്‍ വന്ന മെസേജുകള്‍ ദി വയറിനു ലഭിക്കുകയും ഇവ പരിശോധിക്കാനും ഇടയായിരുന്നു. ഇത് വ്യക്തമാക്കുന്നത് ആള്‍ക്കുട്ടത്തെ അണിനിരത്താനും, മുസ്ലിംകളെ തിരിച്ചറിയാനും, അയല്‍ പ്രദേശങ്ങളിലെ കാര്യങ്ങള്‍ മനസിലാക്കാനുമാണ് പ്രസ്തുത വാട്സ്ആപ്പ് ഗ്രൂപ്പ് പ്രധാനമായും ഉപയോഗിച്ചത് എന്നായിരുന്നു.

കലാപത്തിന് പ്രശംസ

കട്ടര്‍ ഹിന്ദുത് യുണിറ്റി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ദ വയറിന് ലഭ്യമായിരിക്കുന്ന ആയിരത്തോളം മെസേജുകള്‍ വ്യക്തമാക്കുന്നത്, കൊലപാതകത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഏറെ അഭിമാനത്തോടെയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നത് എന്നാണ്.

ഉദാഹരണത്തിന് ഫെബ്രുവരി 25ന് ഗ്രൂപ്പില്‍ വന്ന ഒരു മെസേജില്‍ ‘ഗംഗ വിഹാര്‍, ഗോകുല്‍ പുരി, ജോരിപൂര്‍, എന്നിവിടങ്ങളില്‍ 23 മുസ്ലിംകളുടെ തലയെടുത്തു’ എന്ന് പറയുന്നുണ്ട്. ഇ മെസേജ് ഗ്രൂപ്പിലേക്ക് അയച്ച ആള്‍ ഗ്രൂപ്പിലെ തന്നെ മറ്റ് അംഗങ്ങളോട് കലാപകാരികളുമായി സഹകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

അതേ ദിവസം തന്നെ 8.14നു വന്ന വാര്‍ത്ത ഒരു മദ്രസ തകര്‍ത്തതിനെയും ഇസ്ലാമിക് സ്റ്റഡീസിനായുള്ള സ്ഥാപനം തകര്‍ത്തതിനെയും പ്രകീര്‍ത്തിച്ചായിരുന്നു.

ഫെബ്രുവരി 26ന്, രാത്രി 10.47ന് ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശം ‘ഭഗീരഥി വിഹാര്‍ ലെയ്ന്‍ നമ്പര്‍ 1ല്‍ ‘മുല്ലകള്‍’ എത്തുന്നതായി വിവരമുണ്ട്. എല്ലാ ഹിന്ദു സഹോദരന്മാരും തയ്യാറായി ഇരിക്കണം. അവരെ നശിപ്പിക്കണം’. എന്നാണ് ആഹ്വാനം ചെയ്യുന്നത്.

ഫെബ്രുവരി 27ന് പുലര്‍ച്ചെ 1.50ന് ഇതേ ഗ്രൂപ്പില്‍ തന്നെ വന്ന മറ്റൊരു മെസേജ് ഇങ്ങിനെയായിരുന്നു. ‘ഇവിടെ പിടിച്ചുവെച്ച ‘മുല്ല’യുടെ പേര് സോനു എന്നാണ്’. ഇതിനു  വന്ന മറുപടി, ‘ ഈ തന്തയില്ലാത്തവര്‍ ഹിന്ദു പേരും ഉപയോഗിക്കും. അവരെ തിരിച്ചറിയണം’ എന്നായിരുന്നു.

അതേ ദിവസം തന്നെ പുലര്‍ച്ചെ 4.05ന് വന്ന മെസേജ് പറയുന്നത് ഇങ്ങിനെ, ‘എന്തെങ്കിലും സംഭവിച്ചാല്‍ ജയ് ശ്രീറാം വിളിക്കണം. നിങ്ങള്‍ പിടിച്ച ആളുകളുടെ മതവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവരെ പരിശോധിക്കണം’.

ഫെബ്രുവരി 28ന് വൈകുന്നേരം 3.24ന് വന്ന മെസേജ് പറയുന്നത്’ ഇന്ന് ഭഗീരഥി ലെയ്ന്‍ നമ്പര്‍ 1ല്‍ ‘മുല്ലകളെ’ പ്രാര്‍ത്ഥിക്കാന്‍ നമ്മള്‍ അനുവദിച്ചില്ല’. എന്നാണ്.

ചര്‍ച്ചയായതില്‍ കപില്‍ മിശ്രയുടെയും മോദിയുടെയും പേരുകളും

ഫെബ്രുവരി 23ന് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാഫ്രാബാദില്‍ സമരം ചെയ്യുന്നവരെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം തന്റെ അനൂകൂലികളെയെത്തിച്ച് അവരെ മാറ്റുമെന്നും പറഞ്ഞിരുന്നു.

2019 ഡിസംബറില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുസ്ലിംകളോട് വിവേചനപരമായ സമീപനം കാണിക്കുന്നതാണ് നിയമമെന്ന് ഐക്യരാഷ്ട്ര സഭയും അഭിപ്രായപ്പെട്ടിരുന്നു. ഈ നിയമം പാസാക്കിയതിനെ തുടര്‍ന്ന് രാജ്യമെമ്പാടും വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു. സമാധാനപരമായിരുന്നു സമരമെങ്കിലും പ്രതിഷേധക്കാര്‍ക്കെതിരെ വലിയ രീതിയിലുള്ള അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ദല്‍ഹി കലാപവും നടക്കുന്നത്.

700ല്‍  അധികം ക്രിമിനല്‍ കേസുകളാണ് കലാപത്തിനു പിന്നാലെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി ചാര്‍ജ് ഷീറ്റുകള്‍ ദല്‍ഹി പൊലീസ് ഫയല്‍ ചെയ്തെങ്കിലും ഇതിലൊന്നും കപില്‍ മിശ്ര ഉള്‍പ്പെട്ടിട്ടില്ല.

കട്ടര്‍ ഹിന്ദുത് ഏക്തയെന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ കപില്‍ മിശ്രയുടെ വീഡിയോ നിരന്തരം പോസ്റ്റ് ചെയ്തിരുന്നു. ”കപില്‍ മിശ്രയുടെ വീഡിയോ കേള്‍ക്കൂ, അത്  ഇന്ത്യയിലെമ്പാടും അയക്കണം, എന്തെന്നാല്‍ അത് രാജ്യത്തിന് അനുകൂലമാണ്. സുഹൃത്തുക്കളെ നിങ്ങള്‍ ഇത് പെട്ടെന്ന് ചെയ്യണം’. എന്നായിരുന്നു ഗ്രൂപ്പിലെ ചിലര്‍ ആഹ്വാനം ചെയ്തത്.

ഫെബ്രുവരി 25 രാത്രി 9.13ന് ഇതേ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന മെസേജ് കപില്‍ മിശ്രയെ അനുകൂലിച്ചു കൊണ്ടുള്ളതായിരുന്നു. ‘കപില്‍ മിശ്ര കുറ്റക്കാരനാണെന്ന് നിരവധി ബുദ്ധി ജീവികള്‍ എഴുതുന്നത് കണ്ടു. അദ്ദേഹം എങ്ങിനെയാണ് കുറ്റക്കാരനാകുക. റോഡ് ഉപരോധം നീക്കിയില്ലെങ്കില്‍ സി.എ.എ അനുകൂലികളും തെരുവില്‍ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തികച്ചും ഭരണഘടനാപരമാണ്.’ എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിലെ വാദങ്ങള്‍.

ഗ്രൂപ്പില്‍ തന്നെ  കപില്‍ മിശ്രയ്ക്ക് അനുകൂലമായി വന്ന മറ്റൊരു മെസേജ് പറയുന്നതിങ്ങനെ ‘ മറ്റൊരു ഷാഹീന്‍ ബാഗിനെ സൃഷ്ടിക്കാന്‍ ഞാന്‍ അനുവദിക്കില്ല റോഡ്  ഉപരോധം അവസാനിപ്പിക്കണം എന്നാണ് കപില്‍ മിശ്ര പറഞ്ഞത്. ഇതിനു പിന്നാലെ എല്ലാവരും അദ്ദേഹത്തെ കലാപത്തിന് പ്രേരിപ്പച്ചയാള്‍ എന്ന് വിളിച്ചു. എല്ലാവര്‍ക്കും തങ്ങളുടെ സ്വബോധം നഷ്ടമായിരിക്കുന്നു’. എന്നായിരുന്നു അത്.

ജിഹാദ് രാജ്യത്ത് വളരുകയാണ് എന്നാണ് ഗ്രൂപ്പില്‍ തന്നെ വന്ന മറ്റൊരു ഫോര്‍വേര്‍ഡ് മെസേജ് പറയുന്നത്. ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാരെകൊണ്ട് വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതും ജിഹാദിന്റെ വഴിയാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ഗ്രൂപ്പില്‍ സജീവമായിരുന്നു. . ‘ അവര്‍ നമുക്ക് സമീപത്ത് തുന്നല്‍ക്കടകളും വളക്കടകളും തുറന്ന് നമ്മുടെ സ്ത്രീകളുമായി കൂടുതല്‍ സംസാരിക്കുകയാണ്’. എന്ന ആരോപണങ്ങളും ഗ്രൂപ്പില്‍ പലരും ഉയര്‍ത്തിയിരുന്നു.

70ല്‍ അധികം തവണയാണ് ഈ ഗ്രൂപ്പില്‍ ജയ് ശ്രീരാം വിളിച്ചത്. ചാറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നത് 15ല്‍ അധികം തവണ  കപില്‍ മിശ്ര എന്ന പേര് ഉപയോഗിച്ചു എന്നാണ്. 20ല്‍ അധികം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗ്രൂപ്പില്‍ വന്നത്.

ആസാദി, ഷാഹീന്‍ ബാഗ് എന്നീ പേരുകളും അഞ്ചിലെറെ തവണയാണ് ഗ്രൂപ്പില്‍ ഉപയോഗിച്ചത്. ” അവരു കുറേ നാളായി ‘ആസാദി’ എന്ന് പറയുന്നു. ഇതുവരെ അവര്‍ക്ക് ആരും ‘ആസാദി’ നല്‍കിയില്ല. ഇപ്പോള്‍ ഹിന്ദു സഹോദരന്മാരാണ് അവര്‍ക്ക് ആസാദി നല്‍കേണ്ടത്.’ ഈ മെസേജിനുള്ള മറുപടിയില്‍ നമ്മള്‍ അവരുടെ പള്ളി നശിപ്പിച്ചുവെന്നും അവരുട അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്‌.

കലാപം സംഘടിപ്പിക്കാനും വാട്സ്ആപ്പ് ഗ്രൂപ്പ്
ആളുകളെ സംഘടിപ്പിക്കാനും കലാപത്തിന് ആഹ്വാനം നല്‍കാനും ഗ്രൂപ്പ് വ്യത്യസ്ത രീതിയില്‍ ഉപയോഗിച്ചു എന്നതിനുള്ള തെളിവുകളും ഗ്രൂപ്പിലെ സംഭാഷണങ്ങളില്‍ നിന്നും ലഭ്യമാണ്. ഉദാഹരണത്തിന് ഫെബ്രുവരി 25ന് പകല്‍ 11.44ന് വന്ന മെസേജ് പറയുന്നത് ഭഗീരഥി വിഹാര്‍ ലൈന്‍ നമ്പറിന്റെ മുന്നിലെത്തൂ എന്നാണ്. ഇതിനു മറുപടിയായി ചിലര്‍ അഞ്ച് മിനിറ്റിനുള്ളില്‍ എത്താമെന്നും പറയുന്നുണ്ട്. ചിലര്‍ ലൊക്കേഷന്‍ അയക്കാനും, സഹായത്തിനായി ആര്‍.എസ്.എസ്, ഭജ്റംഗദള്‍, വി.എച്ച്.പി എന്നിവരെ വിളിക്കാനും പറയുന്നുണ്ട്.


ഫെബ്രുവരി 25ന് രാത്രി എട്ടുമണിക്ക് വന്ന മെസേജ് പറയുന്നത് ബിര്‍ജിപുരിയില്‍ നിന്നും ആര്‍.എസ്.എസുകാര്‍ നമ്മളെ സഹായിക്കാന്‍ എത്തിയിട്ടുണ്ടെന്നാണ്. മറ്റൊരു മെസേജില്‍ ബിര്‍ജിപുരിയില്‍ ഒമ്പത് മുസ്ലിംകളെ കൊലപ്പെടുത്തിയെന്നും പറയുന്നു.

മുസ്ലിംകള്‍ക്ക് എതിരെ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപകരമായ വാക്കുകളാണ്  വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതേ ഗ്രൂപ്പില്‍ നിന്ന് ആരെങ്കിലും ഒഴിഞ്ഞുപോയാല്‍ അവരെ ഭീരുക്കളായാണ് ചിത്രികരിക്കുന്നത്.

‘ഹിന്ദുക്കള്‍ അപകടത്തിലാണ്’; കലാപകാരികളെ ഒന്നിച്ചു ചേര്‍ക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍

”ഒരു മാത്തമാറ്റിക്കല്‍ സം എന്ന പേരില്‍ ഇതേ ഗ്രൂപ്പില്‍ വന്ന ഒരു ഫോര്‍വേര്‍ഡ് മെസേജ് പറയുന്നത് ഇങ്ങിനെയാണ്. 1947-2017 കാലയളവില്‍ പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ താമസിച്ച മുസ്ലിംകളുടെ അംഗ സംഖ്യ ഇപ്പോള്‍ പത്ത് മടങ്ങായി മാറിയെങ്കില്‍ അടുത്ത 70 വര്‍ഷത്തിനുള്ളില്‍ അതായത് നമ്മുടെ മക്കളുടെ ജീവിത കാലയളവില്‍ എത്രയായി ഉയരും. 300 കോടിയെങ്കിലും ആയി മാറും. പിന്നീട് എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ? നമ്മുടെ തൊഴില്‍, ജീവിതം, അമ്പലം, മക്കള്‍, ഭരണഘടന, ജാതി, അഭിമാനം, സംവരണം, ഇതിനെല്ലാം എന്ത് സംഭവിക്കും. എപ്പോഴാണ് ഇതിന് ഒരു പരിഹാരം കാണാന്‍ സാധിക്കുക.’. ഗ്രൂപ്പില്‍ നിരന്തരം നടന്ന ചര്‍ച്ചകളില്‍ ചിലതിന്റെ വിഷയം ഇതായിരുന്നു.

കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും ഇതേ ഫോര്‍വേര്‍ഡ് മെസേജിന്റെ തുടര്‍ച്ചയായി ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. ‘അവര്‍ക്ക് ഇപ്പോഴും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി മടങ്ങാം. പക്ഷേ ഹിന്ദുക്കള്‍ എവിടെ പോകും’. എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ചിലര്‍ ഉയര്‍ത്തിയത്. മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്നും അവരില്‍ ഭയം ഉണ്ടാക്കണമെന്നും ചില മെസേജുകള്‍ പറയുന്നു.

ദല്‍ഹി കലാപസമയത്ത് വാട്സ്ആപ്പില്‍ ഇത്തരത്തിലുള്ള ഒരു സംഘം മാത്രമായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് ഗ്രൂപ്പിലെ മറ്റ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജാതി വിവേചനം മാറ്റിവെച്ച് ഒരു ഹിന്ദു യൂണിറ്റായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനങ്ങളും ഗ്രൂപ്പില്‍ ഉയര്‍ന്നിരുന്നു.

ആയുധങ്ങളുമായി കലാപകാരികള്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളും പുറത്ത്  വന്നിരുന്നു. ചിലര്‍ തോക്കിന് അനുയോജ്യമായ വെടിയുണ്ടകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ഈ ഗ്രൂപ്പില്‍ നടത്തിയിട്ടുണ്ട്.


ഭാവിയില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തില്‍ ഉണ്ടാകുന്ന ഒരു സാങ്കല്‍പിക മുസ്ലിം മേധാവിത്വത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിന് അവര്‍ ഉയര്‍ത്തികാട്ടിയ കാരണങ്ങള്‍ നോക്കൂ.

അവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അവരുടെ ബന്ധുക്കളെ വിളിച്ചു, പണം സ്വരൂപിച്ചു, ഗൂഢാലോചന നടത്തി, കല്ലെറിഞ്ഞു, പെട്രോള്‍ ബോംബുകള്‍ ഉണ്ടാക്കി, ആസിഡ് സൂക്ഷിച്ചു, സ്വന്തം വിഭാഗത്തിലുള്ള ആളുകളെ തിരിച്ചറിയാന്‍ ഒരേ നിറത്തിലുള്ള ലക്ഷക്കണക്കിന് ഹെല്‍മെറ്റുകള്‍ വാങ്ങിക്കൂട്ടി, എന്‍.ആര്‍.സിക്കെതിരെ അവരുടെ കടകളില്‍ എഴുതിവെച്ചു, ഹിന്ദുക്കളെ ലക്ഷ്യം വെച്ചു, അക്രമത്തിനുള്ള പദ്ധതികള്‍ ഉണ്ടാക്കി, സോഷ്യല്‍ മീഡിയയില്‍ വിക്റ്റിം കാര്‍ഡ് ഉപയോഗിച്ചു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമാധാനത്തിന് വേണ്ടി കരഞ്ഞു തുടങ്ങി പട്ടിക നീളുന്നു. അതേ സമയം ഗ്രൂപ്പില്‍ ഉയര്‍ന്ന ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട്  വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.


ദല്‍ഹി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 53 പേരില്‍ മൂന്നിലൊന്നും മുസ്ലിംകളായിരുന്നു. കലാപത്തിന് പ്രേരണ നല്‍കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ 12 അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗ്രൂപ്പിലെ മെസേജുകള്‍ കോടതിയില്‍ സ്വമേധയാ ഏറ്റുപറഞ്ഞ കുറ്റസമ്മതമായി കണക്കാക്കുമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 11 പ്രതികളെയാണ്  തിരിച്ചറിഞ്ഞത്. ഇതില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു്. ലോകേഷ് സോളങ്കി (19), പങ്കജ് ശര്‍മ്മ (31), സുമിത്ത് ചൗധരി (23), അങ്കിത് ചൗധരി(23), പ്രിന്‍സ്(22), ജതിന്‍ ശര്‍മ്മ (19), ഹിമാന്‍ഷു ഠാക്കൂര്‍(19), വികാസ് പഞ്ചല്‍(20), റിഷഭ് ചൗധരി(20) എന്നിവരാണ് അറസ്റ്റിലായത്.  ഗൂഢാലോചനയാണ് ഇവര്‍ക്ക് നേരെ ചുമത്തിയ കുറ്റം.

 

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)