ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂർത്തിയായിരിക്കുകയാണ്. റെക്കോഡ് കരാറുകളാണ് ഇത്തവണത്തെ ലേലത്തിൽ നടന്നത്. സാം കറൻ, കാമറൂൺ ഗ്രീൻ, ബെൻ സ്റ്റോക്‌സ്, നിക്കോളാസ് പുരാൻ എന്നിവരെല്ലാം വലിയ നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് പ്രതീക്ഷക്കൊത്ത നേട്ടമുണ്ടാക്കാനായില്ല.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനൊടുവിൽ മികച്ച ലേലത്തിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഈ ലേലം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു.
42.25 കോടി രൂപയുടെ പേഴ്സുമായെത്തിയ സൺറൈസ് ഹൈദരാബാദ് മികച്ച കളിക്കാരെ തന്നെയാണ് റാഞ്ചിയെടുത്തത്.
മുൻ സീസണിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ടീം ഒഴിവാക്കിയിരുന്നു. ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, ഹെന്റിച്ച് ക്ലാസൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ലേലത്തിൽ ഹൈദരാബാദിന്റെ പ്രധാന വാങ്ങലുകൾ. ഒരു മധ്യനിര അറ്റാക്കർ, ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റർ, വിക്കറ്റ് കീപ്പർ, ലെഗ് സ്പിന്നർ എന്നീ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് താരങ്ങളെ സ്വന്തമാക്കിയത്.
അതേസമയം വലിയ മുതൽ മുടക്കില്ലാതെ രാജസ്ഥാൻ റോയൽസിന് ലേലത്തിൽ മികച്ചുനിൽക്കാനായി. കഴിഞ്ഞ സീസണിൽ ടീം ഫൈനലിലെത്തിയെങ്കിലും ടീമിന്റെ ബാറ്റിങ് വൻ പരാജയമായിരുന്നു.
അതുകൊണ്ടുതന്നെ ഇത്തവണ അവർ ലക്ഷ്യമാക്കിയത് ഒരു ബാറ്റിങ് ഓൾറൗണ്ടറെയാണ്. തുടർന്ന് 5.75 കോടി മുടക്കിയാണ് ജേസൺ ഹോൾഡറെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഒപ്പം ആദം സാംപയെയും ജോ റൂട്ടിനെയും സ്വന്തമാക്കാൻ അവർക്കായി.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ലേലത്തിൽ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ടീം ഗുജറാത്ത് ടൈറ്റൻസിന് ലേലത്തിന് മുമ്പ് 19.25 കോടി രൂപയും 7 സ്ലോട്ടുകളും ഉണ്ടായിരുന്നു. 2 കോടി രൂപക്കാണ് ടീം കെയ്ൻ വില്യംസണെ സ്വന്തമാക്കിയത്. ഐറിഷ് പേസർ ജോഷ് ലിറ്റിലിനേയും ഇന്ത്യൻ പേസർ ശിവം മവിയേയും സ്വന്തമാക്കാൻ ഗുജറാത്തിനായി.
എന്നാൽ മികച്ച ലേലം ലഭിക്കാത്ത ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാർ 20.55 കോടി രൂപയുമായാണ് ലേലത്തിനെത്തിയത്. 17.5 കോടി രൂപ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനായി മാത്രം അവർ ചെലവഴിച്ചു. 1.5 കോടി രൂപക്ക് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജെ റിച്ചാർഡ്സണിനെയും വാങ്ങി.
പഞ്ചാബ് കിങ്‌സിനും ലേലത്തിൽ മികച്ച് നിൽക്കാനായില്ല. 32.20 കോടി രൂപയായിരുന്നു കിങ്സിന്റെ പേഴ്സിലുണ്ടായിരുന്നത്. 18.50 കോടി മുടക്കി ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെ സ്വന്തമാക്കിയപ്പോൾ 50 ലക്ഷത്തിന് സിക്കന്ദർ റാസയെയും ടീമിലെത്തിക്കാൻ പഞ്ചാബിനായി. എന്നാൽ നിലവാരമുള്ള സ്പിൻ ബൗളർക്ക് വേണ്ടി പഞ്ചാബ് നിക്ഷേപം നടത്തിയില്ല.
അതേസമയം ഇത്തവണ ഏപ്രിൽ ഒന്നിനാവും ഐ.പി.എൽ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.
Content Highlights: Teams who broke their bank in IPL auction 2023