ഐ.എസ്.എല്ലിന്റെ ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ലീഗ് ഷീല്‍ഡ് ജേതാക്കളും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ ജംഷഡ്പൂരിനെ തോല്‍പിച്ചതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം പ്ലേ ഓഫില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ തോല്‍ക്കുകയും ചെയ്തതോടെ മഞ്ഞപ്പടയുടെ ആവേശത്തിന് മൂര്‍ച്ചയും ഏറിയിരിക്കുകയാണ്.
ഈ മികവ് തുടര്‍ന്നാല്‍ കേരളം കപ്പടിക്കും എന്ന കാര്യം സുനിശ്ചിതമാണ്.
ഇവിടെ, ഐ.എസ്.എല്ലില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ തകര്‍ക്കുമ്പോള്‍ അവിടെ, ഐ. ലീഗില്‍ മലബാറിന്റെ വമ്പന്‍മാര്‍ പൊളിച്ചടുക്കുകയാണ്.
പിടിച്ചാല്‍ കിട്ടാത്ത പോക്കാണ് കേരള ഗോകുലം എഫ്.സി ഐ. ലീഗില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കേങ്കറെയെ 6-2ന് തോല്‍പിച്ചാണ് ഗോകുലം മുന്നോട്ട് കുതിക്കുന്നത്. അതിന് തൊട്ടുമുമ്പുള്ള മത്സരത്തില്‍ റിയല്‍ കശ്മീരിനെതിരെ 5-1നായിരുന്നു കേരളത്തിന്റെ ജയം.
നാല് കളിയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റോടെ രണ്ടം സ്ഥാനത്താണ് ഗോകുലം. 12 ഗോളടിച്ച്, 3 ഗോള്‍ മാത്രം വഴങ്ങിയാണ് ഗോകുലം കുതിക്കുന്നത്. കളിച്ച നാലില്‍ നാലും ജയിച്ച മുഹമ്മദന്‍ സോക്കര്‍ ക്ലബ്ബാണ് പട്ടികയില്‍ ഒന്നാമത്.
മാര്‍ച്ച് 21നാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ടാരു ഫുട്‌ബോള്‍ ക്ലബ്ബാണ് കേരളത്തിന്റെ എതിരാളികള്‍. മാര്‍ച്ച് 25ന് കരുത്തരായ മുഹമ്മദന്‍ എസ്.സിയെയും മാര്‍ച്ച് 29ന് രാജസ്ഥാന്‍ എഫ്.സിയെയുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് നേരിടാനുള്ളത്.
അതേസമയം, ഐ.എസ്.എല്ലില്‍ മാര്‍ച്ച് 15നാണ് കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ രണ്ടാം പാദ മത്സരം. ഒരു സമനില നേടിയാല്‍ പോലും ഫൈനലിലേക്ക് പ്രവേശിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും.
കഴിഞ്ഞ ദിവസം ജംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയലിന്റെ വെല്ലുവിളി കൂടി ആയതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് ഒന്നുകൂടി ശക്തമായിരിക്കുകയാണ്. മാര്‍ച്ച് 15ന് ജംഷഡ്പൂരിനെ തോല്‍പിച്ച്, 20ന് നടക്കുന്ന ഫൈനലിലേക്കെത്തുക എന്ന ലക്ഷ്യം മാത്രമാവും ടീമിനുള്ളത്.
ഐ.ലീഗില്‍ ഗോകുലവും ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ഇതേ കുതിപ്പ് തുടര്‍ന്നാല്‍ ടൂര്‍ണമെന്റ് കിരീടം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും എത്തുമെന്നുറപ്പാണ്.