| Friday, 7th April 2023, 1:04 pm

'ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്രസക്തിയില്ല'; വിവാദ പരാമര്‍ശനത്തിന് ആര്‍.ആറിന്റെ തകര്‍പ്പന്‍ മറുപടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അസം ക്രിക്കറ്റ് അസോസിയേഷന്റെ ആതിഥേയത്വത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. 40,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ക്രിക്കറ്റ് ആരാധകരാല്‍ നിറഞ്ഞിരുന്നു.

മത്സരത്തിനിടെ ഒരു ആരാധകന്‍ രാജസ്ഥാന്‍ റോയല്‍സിനെയും പഞ്ചാബ് കിങ്സിനേയും പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. റോയല്‍സും കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെ, കുറച്ച് സ്റ്റാന്‍ഡുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതിന്റെ ചിത്രം സഹിതമാണ് ട്വിറ്ററില്‍ പരിഹസിച്ചത്.

ആര്‍.ആര്‍, പി.ബി.കെ.എസ് പോലുള്ള ടീമുകള്‍ ഐ.പി.എല്ലില്‍ അപ്രസക്തമാണെന്നും എന്തുകൊണ്ടാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സി.എസ്.കെ, ആര്‍.സി.ബി, മുംബൈ പോലെയുള്ള ടീമുകളെ ദിവസം മുഴുവന്‍ കാണിക്കുന്നത് എന്നതില്‍ ഇപ്പോള്‍ സംശയമില്ലെന്നുമാണ് ആരാധകന്റെ ട്വീറ്റ്.

ഇതിന് മറുപടിയായി രാജസ്ഥാന്‍ റോയല്‍സ് ചെയ്ത റീട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേ മത്സരത്തില്‍ നിന്ന് കാണികള്‍ നിറഞ്ഞ ഒരു സ്റ്റാന്‍ഡിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ആര്‍.ആറിന്റെ ട്വീറ്റ്. ചിത്രത്തിന് മുകളില്‍ ഹൃദയ ചിഹ്നത്തോടൊപ്പം ‘ഓക്കെ’ എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ഐ.പി.എല്ലില്‍ രാജസ്ഥാന് തങ്ങളുടെ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.

ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ പഞ്ചാബ് 197 റണ്‍സ് നേടി. 198 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 192 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ സ്ഥിരം ബാറ്റിങ് കോമ്പിനേഷനായിരുന്നില്ല രാജസ്ഥാന്‍ പരീക്ഷിച്ചത്. ജോസ് ബട്ലറിന് പകരം ആര്‍. അശ്വിനായിരുന്നു യശസ്വി ജെയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.

ഏപ്രില്‍ എട്ടിനാണ് രാജസ്ഥാന്‍ ദല്‍ഹിയെ നേരിടുന്നത്. അസമിലെ ബര്‍സാപര സ്റ്റേഡിയം തന്നെയാണ് വേദി.

Content Highlights: Teams like RR and PBKS are irrelevant in IPL, fan tweets on twitter

We use cookies to give you the best possible experience. Learn more