അടുത്ത ഐ.പി.എല്ലിന്റെ ആവേശത്തിനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. വാശിയും വെല്ലുവിളിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആഘോഷമാക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ വരവിനായാണ് ആരാധകര്‍ ഇനി കാത്തിരിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 20നാണ് ഐ.പി.എല്ലിന്റെ 16ാം സീസണ് തുടക്കമാകുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലം തന്നെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെയും കോര്‍ത്തിണക്കി ഏത് കോമ്പിനേഷനിലാണ് തങ്ങളുടെ പ്രിയപ്പെട്ട ഫ്രാഞ്ചൈസികള്‍ ടീമിനെ കളത്തിലിറക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ ഐ.പി.എല്ലിന്റെ പ്രതീതി തന്നെ ജനിപ്പിച്ചുകൊണ്ടാണ് സൗത്ത് ആഫ്രിക്ക ടി-20 ലീഗായ എസ്.എ 20യും ആരംഭിച്ചിരിക്കുന്നത്. ഐ.പി.എല്‍ ആരാധകര്‍ക്ക് പെട്ടെന്ന് തന്നെ ഈ ടൂര്‍ണമെന്റിനെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നുറപ്പാണ്.
ഓസ്‌ട്രേലിയന്‍ ടി-20 ലീഗായ ബിഗ് ബാഷ് ലീഗിനെക്കാളും വെസ്റ്റ് ഇന്‍ഡീസ് ടി-20 ലീഗായ കരീബിയന്‍ പ്രീമിയര്‍ ലീഗിനെക്കാളും വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദി ഹണ്ട്രഡ് തുടങ്ങിയ ലീഗുകളേക്കാളും ഒരുപക്ഷേ ഈയടുത്ത് ആരംഭിച്ച് സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗിന് ഇന്ത്യയില്‍ നിന്നും ആരാധകരുണ്ടായേക്കും. അതിന് കാരണവും ഐ.പി.എല്‍ തന്നെ.
ഇന്ത്യന്‍ താരങ്ങളില്ലാത്ത ഐ.പി.എല്‍ എന്ന് വേണമെങ്കില്‍ എസ്.എ 20യെ കുറിച്ച് വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം. ലീഗില്‍ കളിക്കുന്ന ടീമുകളുടെ പേരുകള്‍ കേള്‍ക്കുമ്പോഴും ഇത് ഐ.പി.എല്‍ തന്നെയല്ലേ എന്നാണ് തോന്നിപ്പോകുക.
ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്, പാള്‍ റോയല്‍സ്, ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് എന്നൊക്കെയുള്ള ടീമുകളുടെ പേര് കേള്‍ക്കുമ്പോള്‍ ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമൊക്കെയല്ലേ എന്ന് തോന്നിയേക്കും. പേരില്‍ മാത്രമല്ല, ലോഗോയിലും അസാമാന്യമായ സാമ്യം ഈ ടീമുകള്‍ തമ്മിലുണ്ട്.
ഐ.പി.എല്ലിലെ ഓരോ ടീമുകളുടെയും ഉടമകള്‍ തന്നെയാണ് എസ്.എ 20യിലും ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ആറ് നഗരങ്ങളുടെ പേരില്‍ ആറ് ടീമുകള്‍, അവര്‍ക്കെല്ലാം ഇന്ത്യയില്‍ നിന്നുള്ള ഉടമകള്‍, ഓരോ ടീമിലും ലോകോത്തര താരങ്ങള്‍ മുതല്‍ സൗത്ത് ആഫ്രിക്കയിലെ അടുത്ത തലമുറയിലെ വാഗ്ദാനങ്ങള്‍ വരെ. അതാണ് എസ്. എ 20.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമകളായ ആര്‍.പി.എസ്.ജി ഗ്രൂപ്പാണ് ഡര്‍ബന്‍ ആസ്ഥാനമായ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. പേര് ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്. ലോഗോയില്‍ ലഖ്‌നൗവിന്റെ സ്ഥാനത്ത് ഡര്‍ബന്‍സ് എന്ന വ്യത്യാസം മാത്രം.
ജോഹാനാസ്‌ബെര്‍ഗിന്റെ സ്വന്തം ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെ സ്വന്തമാക്കിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്‌സാണ്. ലോഗോയിലെ സിംഹത്തിനും ഐക്കോണിക് മഞ്ഞ നിറത്തിനുമൊന്നും കാര്യമായ മാറ്റമില്ല.
നിത അംബാനിയും റിലയന്‍സ് ഗ്രൂപ്പും കേപ് ടൗണിലേക്ക് പറന്നപ്പോള്‍ പിറന്നത് എം.ഐ കേപ് ടൗണ്‍ എന്ന തകര്‍പ്പന്‍ ടീമാണ്. ദൈവത്തിന്റെ പോരാളികള്‍ എന്ന ഡയലോഗ് പറയിപ്പിക്കാതെ ആദ്യ മത്സരത്തില്‍ തന്നെ ജയിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ട് ലീഗിന് തുടക്കം കുറിച്ചത്.
രാജസ്ഥാന്‍ റോയല്‍സ് ലോഗോയിലെ സിംഹങ്ങള്‍ക്ക് പകരം പാള്‍ മലനിരകള്‍ കൊണ്ടുവെച്ചാല്‍ അത് പാള്‍ റോയല്‍സായി. പിങ്ക് സിറ്റിയുടെ ഐക്കോണിക് പിങ്ക് നിറം മാത്രമല്ല, റോയല്‍സ് ആരാധകരുടെ സ്വന്തം ജോസേട്ടനേയും പൊക്കിയപ്പോള്‍ പാള്‍ റോയല്‍സ് ശരിക്കും റോയലായി.
അടുത്ത ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സ് സൗത്ത് ആഫ്രിക്കയിലെത്തിയപ്പോള്‍ അവര്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സായി. ലോഗോയിലെ കടുവകളെ മാറ്റി പകരം സിംഹങ്ങളെ വെച്ചപ്പോള്‍ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെ ടീമും സൗത്ത് ആഫ്രിക്കയില്‍ പറന്നിറങ്ങി.
സണ്‍ ഗ്രൂപ്പിന്റെ ഓറഞ്ച് ആര്‍മിയാണ് ഈസ്‌റ്റേണ്‍ കേപ് നഗരത്തിലേക്കെത്തിയത്. ലീഗ് മാറിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഈസ്റ്റ് കേപ് ആയെന്ന് മാത്രം.
ഐ.പി.എല്ലില്‍ കാണാന്‍ സാധിക്കാതെ പോയ നാട്ടങ്കത്തിനും എസ്. എ 20 സാക്ഷ്യം വഹിച്ചേക്കും. വെസ്‌റ്റേണ്‍ കേപ് പ്രവിശ്യയില്‍ നിന്നുള്ള എം.ഐ കേപ് ടൗണും പാള്‍ റോയല്‍സും തമ്മില്‍ കൊരുക്കുമ്പോള്‍ കേപ് ഡെര്‍ബിക്കാവും ലീഗ് സാക്ഷ്യം വഹിക്കുക.
ഇത് മാത്രമല്ല വരാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ടി-20 ലീഗിലും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. എം.ഐ എമിറ്റേറ്റ്‌സും ദുബായ് ക്യാപ്പിറ്റല്‍സും അബുദാബി നൈറ്റ് റൈഡേഴ്‌സും തിളങ്ങാനായി കാത്തിരിക്കുകയാണ്.
ഐ.പി.എല്ലിന്റെ ആവേശം അക്ഷരാര്‍ത്ഥത്തില്‍ കടല്‍ കടന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനും അഭിമാനിക്കാവുന്ന നേട്ടമാണ് പിറന്നിരിക്കുന്നത്.