ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലും ലോകകപ്പ് ആവേശം അല തല്ലുകയാണ്. രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയുമാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
രോഹിത്തിനൊപ്പം യശസ്വി ജെയ്സ്വാളാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടോപ് ഓര്‍ഡറിലെ മറ്റ് ബാറ്റര്‍മാര്‍.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ടൂറാണിത്. രാജസ്ഥാന്‍ നായകന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തും സ്‌ക്വാഡിന്റെ ഭാഗമാണ്.
ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
സ്പെഷ്യലിസ്റ്റ് ബൗളര്‍മാരായി കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ക്ക് പുറമെ ട്രാവലിങ് റിസര്‍വുകളായി ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരും സ്‌ക്വാഡിനൊപ്പം വിന്‍ഡീസിലേക്ക് പറക്കും.
മെയ് ഒന്നിനാണ് ടീമുകള്‍ക്ക് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. ഡെഡ് ലൈനിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഇതുവരെ ലോകകപ്പിനുള്ള തങ്ങളുടെ പോരാളികളുടെ പട്ടിക പുറത്തുവിട്ടത്.
എന്നാല്‍ ടീമുകള്‍ക്ക് മെയ് 25 വരെ ടീമുകളെ ഫൈനലൈസ് ചെയ്യാന്‍ പറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ക്വാഡില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ഒഴിവാക്കലുകള്‍ നടത്താനും ടീമിന് സാധിക്കും.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
യശസ്വി ജെയ്സ്വാള്‍
വിരാട് കോഹ്‌ലി
സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)
ശിവം ദുബെ
രവീന്ദ്ര ജഡേജ
അക്സര്‍ പട്ടേല്‍
കുല്‍ദീപ് യാദവ്
യൂസ്വേന്ദ്ര ചഹല്‍
അര്‍ഷ്ദീപ് സിങ്
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍
ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.
ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചു.
നേപ്പാളും ഒമാനും ഏഷ്യന്‍ ക്വാളിഫയേഴ്‌സ് ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്‌കോട്‌ലാന്‍ഡും അയര്‍ലന്‍ഡും ലോകകപ്പിന് യോഗ്യത നേടി.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.
നമീബിയയും ഉഗാണ്ടയുമാണ് ആഫ്രിക്കന്‍ ക്വാളിഫയേഴ്‌സ് വിജയിച്ച് ലോകകപ്പിനെത്തുന്നത്. ഇതാദ്യമായാണ് ഉഗാണ്ട ഐ.സി.സി ഇവന്റിന് യോഗ്യത നേടുന്നത്.
Content Highlight: Teams have time until May 25th to finalize their squad for T20 World Cup