യു.പിയില്‍ ഒരു ബി.ജെ.പി മന്ത്രി കൂടി രാജിവെച്ചു; തിരിച്ചടിയില്‍ പതറി നേതൃത്വം
ലഖ്നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിക്ക് കനത്ത പ്രഹരം നല്‍കി ഒരു മന്ത്രി കൂടി രാജിവെച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിങ് സെയ്നിയാണ് രാജിവച്ചത്. ഇതോടെ രാജിവച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.
ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്നി രാജി പ്രഖ്യാപിച്ചത്. ഇദ്ദേഹം സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്.പി നേതാവ് അഖിലേഷ് യാദവുമായി സെയ്നി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇദ്ദേഹമടക്കം എട്ട് എം.എല്‍.എമാരാണ് ഇതിനോടകം ബി.ജെ.പി ക്യാംപ് വിട്ടത്.
സെയ്നിയെ എസ്.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. തനിക്കൊപ്പം നില്‍ക്കുന്ന സെയ്നിയുടെ ചിത്രവും അഖിലേഷ് പങ്കുവെച്ചിട്ടുണ്ട്.
പിന്നാക്ക വിഭാഗം നേതാവും എം.എല്‍.എയുമായ മുകേഷ് വര്‍മ ഇന്ന് രാവിലെ പാര്‍ട്ടി വിട്ടിരുന്നു. രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു രാജി.
സ്വാമി പ്രസാദ് മൗര്യയാണ് തന്റെ നേതാവെന്ന് മുകേഷ് വര്‍മ പറഞ്ഞിരുന്നു. മൗര്യ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും മുകേഷ് വര്‍മ പറഞ്ഞിരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നും രാജി വെക്കുന്ന ഏഴാമത് എം.എല്‍.എയാണ് മുകേഷ് വര്‍മ. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്നാണ് മുകേഷ് വര്‍മ രാജിക്കത്തില്‍ പറയുന്നത്.
യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബി.ജെ.പിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ്.
ഇതിന് പിന്നാലെയാണ് യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന നേതാക്കളുടെ ആരോപണത്തില്‍ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.
അതേസമയം, എസ്.പി നേതാവായ അഖിലേഷ് യാദവ് തന്റെ സേനാബലം വര്‍ധിപ്പിക്കുകയാണ്. എന്‍.സി.പിയടക്കമുള്ള മറ്റു പാര്‍ട്ടികളെ ഒന്നിപ്പിച്ചും ജാതിഭേദമന്യേ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയുമാണ് അഖിലേഷ് യു.പിയില്‍ പുത്തന്‍ സമവാക്യങ്ങള്‍ രചിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Team Yogi Loses Minister No 3, Backward Caste Leader Dharam Singh Saini