[]കോഴിക്കോട്: ശ്രീധരന്‍ നായര്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലിനു തെളിവുമായി മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഇന്നലത്തെ മറുപടി.
2012 ജൂലൈ 9 നു രാത്രി സരിത നായരോടൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ ചെന്ന് കണ്ടെന്നും, മുഖ്യമന്ത്രിയെക്കൂടി വിശ്വസിച്ചാണ് സരിതയുടെ ബിസിനസിന് ബാക്കി പണം നല്‍കിയതെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. []
തിരികെ പോകാന്‍ നേരം ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന 2 ലക്ഷം രൂപയുടെ ചെക്ക് സരിത നായര്‍ ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയെന്നും അത് മുഖ്യമന്ത്രി ജോപ്പനെ എല്‍പ്പിച്ചുവെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. അത് ശരിവെക്കുന്നതാണ് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ എ.കെ ബാലന്‍ എം.എല്‍.എ യുടെ ചോദ്യത്തിന് നല്‍കിയ മറുപടി സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച ചെക്കുകളില്‍ ബാങ്കില്‍ പണമില്ലാതെ മടങ്ങിയ ചെക്കുകള്‍, സ്ഥാപനം, വ്യക്തി, തിയതി എന്നിവ സഹിതം വ്യക്തമാക്കാമോ എന്നതായിരുന്നു എ.കെ ബാലന്റെ ചോദ്യം.
കൊച്ചിയിലെ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 10-07-2012 ലെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെന്നും എന്നാലത് ബാങ്കില്‍ പണമില്ലാതെ മടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കോടിക്കണക്കിനു രൂപ ഇതിനകം ലഭിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയില്‍ ഈ ചെക്ക് മാത്രമാണ് മടങ്ങിയതെന്നും മുഖ്യമന്ത്രി പറയുന്നു.
ജൂലൈ 9 നു ടീം സോളാറിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത വന്നിട്ടുണ്ടെന്ന സാധ്യതയാണ് മുഖ്യമന്ത്രിയുടെ മറുപടിയോടെ തെളിയുന്നത്. ശ്രീധരന്‍ നായര്‍ അന്നേ ദിവസം തന്നെ വന്നു കണ്ടതായി മുഖ്യമന്ത്രി ഇതിനകം സമ്മതിച്ചു കഴിഞ്ഞു.
സരിതയെയും ശ്രീധരന്‍ നായരെയും ഒരുമിച്ചു മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ തിയതി ഓര്‍ക്കുന്നില്ലെന്നും നെയ്യാറ്റിങ്കര എം.എല്‍.എ ആര്‍. ശെല്‍വരാജ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ ദുര്‍ബ്ബലമാവുകയാണ്.