പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ ഒഴിവാക്കാന്‍ പോര്‍ച്ചുഗല്‍ ചെയ്യുന്നത്
Football
പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ ഒഴിവാക്കാന്‍ പോര്‍ച്ചുഗല്‍ ചെയ്യുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th November 2022, 7:40 pm

ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. ഉറുഗ്വേയെ തോല്‍പ്പിച്ച് ഗ്രൂപ്പ് എച്ചിലെ രണ്ടാം ജയവും സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

രണ്ട് മത്സരത്തിലും വിജയിച്ച് ആറ് പോയിന്റുമായി പോര്‍ചുഗലാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായാണ് ടീം പോര്‍ച്ചുഗല്‍ ഫിനിഷ് ചെയ്യുന്നതെങ്കില്‍ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരുമായാണ് പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടി വരിക.

അങ്ങനെ വരുമ്പോള്‍ ബ്രസീലിനെയായിരിക്കും പോര്‍ച്ചുഗലിന് നേരിടേണ്ടി വരുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-പോര്‍ച്ചുഗല്‍ പോരാട്ടം ഒഴിവാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ടീം പോര്‍ച്ചുഗലിന് നിര്‍ണായകമാണ്.

പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം സൗത്ത് കൊറിയക്കെതിരെയാണ്. മത്സരത്തില്‍ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫിനിഷ് ചെയ്യാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ അനായാസം ഒഴിവാക്കാം.

ഇനി സൗത്ത് കൊറിയയുമായുള്ള മത്സരത്തില്‍ ഒരു ഗോളിന്റെ മാര്‍ജിനില്‍ പരാജയപ്പെടുകയും മറുവശത്ത് നടക്കുന്ന ഉറുഗ്വേ-ഘാന പോരാട്ടത്തില്‍ ഘാന രണ്ട് ഗോളുകളുടെ മാര്‍ജിനില്‍ വിജയിക്കാതിരിക്കുകയും ചെയ്താലും പോര്‍ച്ചുഗലിന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫിനിഷ് ചെയ്യാന്‍ കഴിയും.

അങ്ങനെ വരുമ്പോള്‍ ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരുമായാണ് പോര്‍ച്ചുഗലിന് ഏറ്റുമുട്ടേണ്ടി വരിക. അപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായുള്ള മത്സരത്തിനാണ് സാധ്യതകളേറെ.

അതേസമയം, ഉറുഗ്വേയുമായി നടന്ന മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഇരട്ട ഗോളാണ് പോര്‍ചുഗലിന് തുണയായത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54ാം മിനിട്ടിലായിരുന്നു ബ്രൂണോയുടെ ഗോള്‍ പിറന്നത്. അവസാന പകുതിയില്‍ ലഭിച്ച ഇഞ്ച്വറി ടൈമില്‍ ബ്രൂണോയുടെ തന്നെ പെനാല്‍ട്ടിയിലൂടെ പോര്‍ചുഗല്‍ രണ്ടാം ലീഡുയര്‍ത്തുകയായിരുന്നു.

Content Highlights: Team Portugal won’t play against Brazil in Qatar world cup pre-quarter if they finish as topper in group H