കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനങ്ങളുടെ മികവില്‍ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രശസ്ത കായിക മാധ്യമമമായ സ്‌പോര്‍ട്‌സ്‌കീഡ. ബെസ്റ്റ് ഇലവനില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചത്.
റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. അതേസമയം, പന്ത്രണ്ടാമനെന്ന റിസര്‍വ് സ്ഥാനം നേടിയ രവിചന്ദ്ര അശ്വിന്‍ പട്ടികയിലിടം നേടിയ നാലാമത്തെ ഇന്ത്യന്‍ സാന്നിധ്യമായി.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന വേള്‍ഡ് ടീമില്‍, കംഗാരുപ്പടയില്‍ നിന്ന് നാലു പേരാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മധ്യനിര ബാറ്ററും ഇക്കഴിഞ്ഞ ഫൈനലിലെ മിന്നും താരവുമായ ട്രാവിസ് ഹെഡ്, സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എന്നിവരാണ് പേസര്‍ കമ്മിന്‍സിനെ കൂടാതെ ടീമിലിടം നേടിയത്.
പന്ത്രണ്ടംഗ ലിസ്റ്റിലും ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം തന്നെയാണ് കാണാനാകുന്നത്. ഇരു ടീമുകളില്‍ നിന്നും നാല് താരങ്ങള്‍ വീതമാണ് ടീമിലിടം പിടിച്ചത്. ശ്രീലങ്ക, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ മാത്രമാണ് ടീമിലിടം നേടിയത്.
ദിമുത് കരുണരത്‌നെ (ശ്രീലങ്ക), ജോ റൂട്ട് (ഇംഗ്ലണ്ട്), ബാബര്‍ അസം (പാകിസ്ഥാന്‍), കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് സ്‌പോര്‍ട്‌സ്‌കീടയുടെ ബെസ്റ്റ് ഇലവനില്‍ ഇടം നേടിയ മറ്റു സൂപ്പര്‍ താരങ്ങള്‍.
ടീം ലിസ്റ്റ്: ഉസ്മാന്‍ ഖവാജ, ദിമുത് കരുണരത്‌നെ (ഓപ്പണര്‍മാര്‍), ജോ റൂട്ട്, ബാബര്‍ അസം, ട്രാവിഡ് ഹെഡ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ്, കഗീസോ റബാഡ, നഥാന്‍ ലിയോണ്‍, ജസ്പ്രീത് ബുമ്ര, രവിചന്ദ്രന്‍ അശ്വിന്‍ (റിസര്‍വ്).
കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചതും ശ്രദ്ധേയമായി. ടെസ്റ്റില്‍ കാര്യമായി തിളങ്ങാനാകാത്ത രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്കൊന്നും ബെസ്റ്റ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല.