| Friday, 20th January 2023, 10:03 pm

ബഷീറിനും ടൊവിനോ തോമസിനും ജന്മദിനാശംസകള്‍; വീഡിയോ പങ്കുവെച്ച് നീലവെളിച്ചം ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിന് ജന്മദിനാശംസകളുമായി നീലവെളിച്ചം ടീം. നീലവെളിച്ചത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ പങ്കുവെച്ചാണ് ടൊവിനോയ്ക്ക് സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു ആശംസകള്‍ നേര്‍ന്നത്.

‘നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട ബഷീറിനും ടൊവിനോ തോമസിനും ജന്മദിനാശംസകള്‍,’ എന്നാണ് വീഡിയോക്കൊപ്പം ആഷിഖ് കുറിച്ചിരിക്കുന്നത്. മലയാള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തന്നെയാണ് ടൊവിനോയുടെയും ജന്മദിനം. ടൊവിനോയുടെ മുഖം കാണിക്കാതെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന നീലവെളിച്ചത്തിലെ ഗാനം ശ്രദ്ധ നേടിയിരുന്നു. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച അനുരാഗ മധു ചഷകം എന്ന പാട്ടാണ് പുറത്ത് വന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ മലയാള സിനിമാ ഗാനരംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഗാനം അണിയിച്ചൊരുക്കിയിരുന്നത്.

നാരദന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. 2021ല്‍ പുറത്തിറങ്ങിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിന് ശേഷം റിമ കല്ലിങ്കല്‍ നായികയാവുന്ന ചിത്രം കൂടിയാണിത്.

1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി, വൈറസ്, നാരദന്‍ എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. പി.ആര്‍.ഒ. – എ.എസ്. ദിനേശ്.

Content Highlight: team neelavelicham’s birthday widhes to vaikkam muhammad basheer and tovino thomas

Latest Stories

We use cookies to give you the best possible experience. Learn more