ബീജിംഗ്: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടന നയിക്കുന്ന ടീമിന് കൊവിഡിനെ സംബന്ധിച്ച് പ്രാഥമിക രേഖകള്‍ കൈമാറാതെ ചൈന. കൊവിഡ് എന്ന മഹാമാരിയുടെ തുടക്കത്തെക്കുറിച്ച് മനസിലാക്കുന്നതിന് ഇത് സങ്കീര്‍ണമാക്കാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ സംഘത്തിലെ ഒരാള്‍ പറഞ്ഞു.
ചൈനയിലെ വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രോഗം സ്ഥിരീകരിച്ച 174 രോഗികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ഇവയുടെ സംഗ്രഹം മാത്രമേ നല്‍കിയിട്ടുള്ളുവെന്നാണ് സംഘത്തിലെ അംഗമായ ഓസ്‌ട്രേലിയന്‍ പകര്‍ച്ച വ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയര്‍ പറയുന്നത്.
പ്രാഥമിക വിവരങ്ങളടങ്ങിയ രേഖകളെ സാധാരണ ലൈന്‍ ലിസ്റ്റിംഗ് എന്നാണ് പറയുക എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആളുകളുടെ പേര് വിവരങ്ങള്‍ അജ്ഞാതമായിരിക്കുമെങ്കിലും അവരോട് വ്യക്തിഗതമായി ചോദിച്ച കാര്യങ്ങളും അവര്‍ അതിന് നല്‍കിയ മറുപടികളും കൃത്യമായി ആ വിവരങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ടാകും.
ചോദിച്ച 174 കേസുകളുടെ വിവരങ്ങളില്‍ പകുതിയും രോഗം കണ്ടു പിടിച്ച വുഹാനിലെ ഹനാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടാണ് ഈ രേഖകള്‍ പ്രധാനമാണെന്ന് പറയുന്നതെന്നും ഡ്വെയര്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.
എന്തുകൊണ്ടാണ് ഈ രേഖകള്‍ ചൈന കൈമാറാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ ചൈനയിലെത്തിയ സംഘം കൊവിഡ് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്നാ് റിപ്പോര്‍ട്ട്.
സംഘത്തിന്റെ കണ്ടെത്തലുകള്‍ അടുത്ത ആഴ്ച തന്നെ പുറത്ത് വിടുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
ചൈന പ്രധാന രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക