കൊച്ചി: രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ‘കരുണ’ എന്ന സംഗീത പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പണം നല്‍കിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി കരുണ സംഘാടകര്‍. പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷനു വേണ്ടി ഗായകന്‍ ഷഹബാസ് അമന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവരാണ് വിശദീകരണം നല്‍കിയത്.
ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.
‘ടിക്കറ്റ് വഴി കിട്ടുന്ന തുക എത്രയായാലും അത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാം എന്ന് തീര്‍ച്ചയായും കെ.എം.എഫ് തീരുമാനിച്ചിരുന്നു! പക്ഷെ അത് ‘ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടി’ എന്ന നിലക്ക് പരസ്യം ചെയ്ത് കൊണ്ടായിരിക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു! സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും തലത്തില്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് പരിപാടി ഉയര്‍ന്നെങ്കിലും സാമ്പത്തികമായി നഷ്ടത്തിലാണു കലാശിച്ചത്. ഒന്നാമത്തെ കാരണം പരിപാടിക്ക് ഒറ്റ സ്‌പോണ്‍സര്‍മാരുമുണ്ടായിരുന്നില്ല എന്നതാണു. ‘കരുണ’ ഒരു സെല്‍ഫ് ഫണ്ടഡ് പ്രോഗ്രാം ആയിരുന്നു!’
‘നല്ല സപോണ്‍സേഴ്‌സിനെ കിട്ടാന്‍ വേണ്ടി ധാരാളം സമയം എടുത്ത് അലഞ്ഞ് നടക്കുമ്പോഴേക്കും ഇത്രയധികം കലാകാരെ സമയബന്ധിതമായി ഒന്നിച്ചു നിര്‍ത്തുക എന്നത് അസാധ്യമായിത്തീര്‍ന്നു.’
‘ഒടുവില്‍ ക്വാളിറ്റിയുള്ള ഒരു പ്രോഗ്രാമിനു വേണ്ടി ഒരു സ്‌പോണ്‍സേഴ്സുമില്ലാതെ, യാതൊരു പുറം ഫണ്ടിങ്ങുമില്ലാതെ ഫൗണ്ടേഷന്‍ അംഗങ്ങളുടെ സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് കൊണ്ട് പരിപാടി നടത്തുകയാണുണ്ടായത്,’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഘാടകര്‍ ഇവര്‍ ഇക്കാര്യം അറിയിച്ചത്.
എറണാകുളം കലക്ടര്‍ സുഹാസ് ഐ.എ.എസ് കെ.എം.എഫിനോട് വിശദീരകരണം നല്‍ക്കുന്നത് ഉചിതമാണെന്ന് അഭിപ്രായപ്പെട്ടതിനാലാണ് വിശദീകരണമെന്നും കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള പണം നിക്ഷേപിക്കാന്‍(6.5 lakhs) മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് കെ.എം.എഫ് കളക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണെന്നും ഇവര്‍ പറയുന്നു.
ടിക്കറ്റ് വില്‍പ്പനയിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ആവശ്യമായ പണം ലഭിക്കാത്ത സാഹചര്യത്തില്‍ പരിപാടി ഒരു മീഡിയ ടീമിനു സംപ്രേക്ഷണത്തിനായി നല്‍കാന്‍ തീരുമാനിച്ചെങ്കിലും പ്രോഗ്രാം എഡിറ്റിങ്ങിനിടെയാണ് സി,.എ.എ, എന്‍.ആര്‍.സി വിഷയങ്ങള്‍ ഉയര്‍ന്നു വന്നതെന്നും അത് ഈ തീരുമാനത്തെ ബാധിച്ചെന്നും സംഘാടകര്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2019 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിലായിരുന്നു വിട്ടു വിട്ടിരിക്കല്ലേ തൊട്ടുതൊട്ടിരി’എന്ന വാചകത്തോടെ കൊച്ചി രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ വെച്ചാണ് സംഗീത പരിപാടി നടന്നത്. കരുണ എന്ന പേരില്‍ നടന്ന സംഗീതപരിപാടിയില്‍ നിന്നും ലഭിച്ച തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കരുണ സംഘാടകരുടെ വിശദീകരണം.
കുറിപ്പിന്റെ പൂര്‍ണ രൂപം,
‘പ്രിയം നിറഞ്ഞ കൂട്ടുകാരേ…
എല്ലാവര്‍ക്കും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഹാര്‍ദ്ദമായ സ്‌നേഹാദരങ്ങള്‍!
2019 നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് ‘കരുണ’ എന്ന പേരില്‍ ഒരു ലൈവ് മ്യൂസിക്കല്‍ കണ്‍സര്‍ട്ട് അവതരിപ്പിച്ച്‌കൊണ്ടാണു കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍(ഗങഎ)നിലവില്‍ വരുന്നതും അതിന്റെ പ്രവര്‍ത്തനപരിപാടികള്‍ക്ക് സമാരംഭം കുറിക്കുന്നതും!
ഫൗണ്ടേഷന്റെ പ്രഖ്യാപിതപരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തില്‍ ഒരു അന്താരാഷ്ട്ര സംഗീതോല്‍സവം സംഘടിപ്പിക്കുക എന്നതാണു! ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു തുടക്കം കുറിക്കുക എന്നത് മാതമായിരുന്നു ‘കരുണ’ കൊണ്ട് ഉദ്ദേശിച്ചത്.’ വിട്ട് വിട്ടിരിക്കല്ലേ, തൊട്ടുതൊട്ടിരി’ എന്നതായിരൂന്നു അതിനു വേണ്ടി ഞങ്ങള്‍ മുന്നോട്ട് വെച്ച സ്ലോഗന്‍!
സംഗീത മേഖലയിലെ എല്ലാ തരം ജോനറുകളിലും പ്രവര്‍ത്തിക്കുന്ന കഴിയുന്നത്ര കലാകാരെ ഒന്നിച്ച് ഒരേ വേദിയില്‍ കൊണ്ട് വരികയും അവരില്‍ നിന്നുള്ള ഏറ്റവും മികച്ച പെര്‍ഫോമെന്‍സുകള്‍ ആസ്വാദകര്‍ക്കായി നല്‍കുകയും അതോടൊപ്പം വെറുപ്പിന്റെ കാലത്ത് സ്‌നേഹത്തിന്റെയും ഒരുമയുടെയും വലിയൊരു സംസ്‌കാരാന്തരീക്ഷം സംഗീതത്തിലൂടെത്തന്നെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്ന വലിയൊരുദ്ദേശ്യം കൂടി തീര്‍ച്ചായും കരുണക്ക് പിന്നിലുണ്ടായിരുന്നു! അങ്ങനെത്തന്നെ അത് പരിണമിക്കുകയും ചെയ്തു എന്നതാണു സത്യം!നിറ സംതൃപ്തിയോടെ പരസ്പരം ആശ്ലേഷിച്ചു കൊണ്ടാണു പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കലാകാരും അന്ന് പിരിഞ്ഞുപൊയത്! രണ്ടാം പ്രളയാനന്തര കാലം ആയിരുന്നതിനാലാണു സാന്ദര്‍ഭികമായി ‘കരുണ’ എന്ന പേര്‍ ഞങ്ങള്‍ മുന്‍ നിര്‍ത്തിയത്!അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടും കെ.എം.എഫി ന്റേത് സോദ്ദേശപരവും സ്‌നേഹനിര്‍ഭരവുമായ ക്ഷണം ആയിരുന്നത് കൊണ്ടും പരിപാടിയില്‍ പങ്കെടുത്തവരെല്ലാം തന്നെ ഒരു രൂപ പോലും പ്രതിഫലേഛ കൂടാതെയാണു പെര്‍ഫോം ചെയ്തത് !
ടിക്കറ്റ് വഴി കിട്ടുന്ന തുക എത്രയായാലും അത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാം എന്ന് തീര്‍ച്ചയായും കെ.എം.എഫ് തീരുമാനിച്ചിരുന്നു! പക്ഷെ അത് ‘ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടി’ എന്ന നിലക്ക് പരസ്യം ചെയ്ത് കൊണ്ടായിരിക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു! സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും തലത്തില്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് പരിപാടി ഉയര്‍ന്നെങ്കിലും സാമ്പത്തികമായി നഷ്ടത്തിലാണു കലാശിച്ചത്. ഒന്നാമത്തെ കാരണം പരിപാടിക്ക് ഒറ്റ സ്‌പോണ്‍സര്‍മാരുമുണ്ടായിരുന്നില്ല എന്നതാണു. ‘കരുണ’ ഒരു സെല്‍ഫ് ഫണ്ടഡ് പ്രോഗ്രാം ആയിരുന്നു! നല്ല സപോണ്‍സേഴ്‌സിനെ കിട്ടാന്‍ വേണ്ടി ധാരാളം സമയം എടുത്ത് അലഞ്ഞ് നടക്കുമ്പോഴേക്കും ഇത്രയധികം കലാകാരെ സമയബന്ധിതമായി ഒന്നിച്ചു നിര്‍ത്തുക എന്നത് അസാധ്യമായിത്തീര്‍ന്നു! എന്നാല്‍ എന്തെങ്കിലും പരിപാടി തട്ടിക്കൂട്ടിക്കൊണ്ട് കെ.എം.എഫി നു തുടക്കം കുറിക്കുന്നതില്‍ പ്രത്യേകിച്ച് ഒരു അര്‍ത്ഥമില്ല താനും.ഒടുവില്‍ ക്വാളിറ്റിയുള്ള ഒരു പ്രോഗ്രാമിനു വേണ്ടി ഒരു സ്‌പോണ്‍സേഴ്സുമില്ലാതെ, യാതൊരു പുറം ഫണ്ടിങ്ങുമില്ലാതെ ഫൗണ്ടേഷന്‍ അംഗങ്ങളുടെ സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് കൊണ്ട് പരിപാടി നടത്തുകയാണുണ്ടായത്!സംഗീതപരമായി പരിപാടി നല്ല നിലവാരം പുലര്‍ത്തണം എന്നത് കെ.എം.എഫിനെ സംബന്ധിച്ച് ഒരു കമ്മിറ്റ്മെന്റ് തന്നെയായിരുന്നു.തുടര്‍ന്നും അത് അങ്ങനെത്തന്നെ ആയിരിക്കും.
ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ 6 ലക്ഷത്തി 22,000 രൂപ ആണു പരിപാടിയുടെ വരവ് തുക.
സ്റ്റേജ് ,ലൈറ്റ്,മറ്റു പ്രോപ്പര്‍ട്ടികള്‍,പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി, ഫ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള യാത്രകള്‍, താമസം,ഫ്‌ലോര്‍ കാര്‍പ്പെറ്റ്, സ്റ്റേഡിയം ജനറേറ്റര്‍,ഈവ്ന്റ് മാനേജ്മന്റ് എന്നീ വിഭാഗങ്ങളിലായി ചിലവ് വന്നത് 23 ലക്ഷം രൂപയും.
നഷ്ടം വളരെ വലുതാവാതിരുന്നത് പങ്കെടുത്തവര്‍ പ്രതിഫല ഇനത്തില്‍ പണം കൈപ്പറ്റാതിരുന്നതിനാലും സ്റ്റേഡിയം സര്‍ക്കാര്‍ വെറുതെ വിട്ടുതന്നതിനാലുമാണെന്ന കാര്യം ഈയവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു! പ്രശസ്ത ഈവന്റ് ഗ്രൂപ്പ് ആയ ഇംപ്രസാരിയോ ആയിരുന്നു സാങ്കേതികമായി ഞങ്ങള്‍ക്ക് വേണ്ടി പരിപാടിയുടെ ചുക്കാന്‍ പിടിച്ചത് എന്നതിനാല്‍ അവര്‍ക്ക് കൂടി അറിയാവുന്ന സുതാര്യമായ കണക്കുകളാണെല്ലാം.ബാങ്കു വഴിയല്ലാതെ ഒരിടപാടുകളും പരിപാടിയുടെ ആവശ്യത്തിനായി നടന്നിട്ടില്ല.
ഇതെല്ലാം ഇപ്പോള്‍ ഇവിടെ വ്യക്തമാക്കാനുണ്ടായ പ്രത്യേക സാഹചര്യം നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയുമായിരിക്കും എന്ന് കരുതുന്നു.അറിയാത്തവര്‍ക്കായി അല്‍പം പശ്ചാത്തല ചരിത്രം.
സാമ്പത്തികമായി നഷ്ടമാണെങ്കിലും മുന്നോട്ടുള്ള യാത്രയിലേക്ക് ആവശ്യമായ പോസിറ്റീവ് ഊര്‍ജ്ജം ‘ ‘കരുണ’ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു! പ്രത്യേകിച്ചും ഒരു മ്യൂസിക് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്ന കെ.എം.എഫി നെ സംബന്ധിച്ച് തീര്‍ച്ചയായും അതിനു പ്രചോദനമാകും വിധമായിരുന്നു ‘കരുണ’ സ്റ്റേജില്‍ അരങ്ങേറിയത് .അന്ന് അവിടെ കൂടിയ നിറസദസ്സ് അതിനു സാക്ഷികളുമാണു! ഒറ്റ സങ്കടം തോന്നിയത് സി.എം.റിലീഫ് ഫണ്ടിലേക്ക് കൊടുക്കാന്‍ തക്കവിധം ഒരു വലിയ തുക ടിക്കറ്റ് ഇനത്തില്‍ വന്നില്ലല്ലൊ എന്നത് മാത്രമായിരുന്നു.അതിനു ഞങ്ങള്‍ മനസില്‍ കണ്ട ഒരു മാര്‍ഗ്ഗം പ്രോഗ്രാം കണ്ടന്റ് വൃത്തിയായി എഡിറ്റ് ചെയ്‌തെടുത്ത് നല്ല ഒരു ഡീല്‍ ഏതെങ്കിലും മീഡിയ ടീമുമായി നടത്തി അതില്‍ നിന്നുള്ള സാമ്പത്തികം കൂടി ഉള്‍പ്പെടുത്തി സാമാന്യം നല്ല ഒരു തുക സി.എം.ആര്‍ ഫണ്ടിലേക്ക് നല്‍കുക എന്നതായിരുന്നു.കരുണയുടെ നഷ്ടം നികത്തിയാല്‍ ബാക്കിയുള്ളത് തീര്‍ച്ചയായും മ്യൂസിക് ഫെസ്റ്റിവലിലേക്ക് തന്നെ ചെലവഴിക്കുകയും ചെയ്യണം. ഒരു രൂപ പോലും ‘കരുണ’ യില്‍ നിന്ന് സംഗീതത്തിനു വേണ്ടി അല്ലാതെ വക മാറി ചെലവഴിക്കപ്പെടരുത് എന്നതില്‍ കെ.എം.എഫ് ഫൗണ്ടേഷന്‍ പ്രതിജ്ഞാ ബദ്ധമാണു!കണ്ടന്റ് നല്ല രീതിയില്‍ എഡിറ്റ് ചെയ്‌തെടുക്കുവാന്‍ ആവശ്യമായ സാവകാശം വേണമായിരുന്നു.ഒരു പ്രത്യേക പാറ്റേണിലായിരുന്നു പ്രോഗ്രാം അവതരണം.എഡിറ്റിംഗ് പുരോഗമിക്കുന്നതിനിടയിലാണു രാജ്യത്തിനകത്തെ രാഷ്ടീയ സാഹചര്യം പൊടുന്നനെ കീഴ്‌മേല്‍ മറിഞ്ഞത്! സി.എ.എ, എന്‍.ആര്‍.സി, എന്‍ .പി .ആര്‍ വിഷയങ്ങള്‍ എല്ലാ സാംസ്‌കാരിക പദ്ധതികള്‍ക്കും മുകളില്‍ വന്നാപതിച്ചു.തീര്‍ച്ചയായും സംഗീതജ്ഞര്‍ ഉള്‍പ്പെടെയുള്ള അന്തസ്സുറ്റ രാഷ്ട്രീയ ബോധ്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെയെല്ലാം ഫസ്റ്റ് പ്രയോറിറ്റി രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷണത്തിനും സഹോദരസ്‌നേഹത്തിനും വേണ്ടിയുള്ളതായി! കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള കെ.എം.എഫ് ഫൗണ്ടേഷനിലെ ഏഴ് അംഗങ്ങളും ഒരു പോലെ പ്രസ്തുത വിഷയം ഉറക്കെ പ്രതിപാദിക്കുന്ന സമരമുഖത്ത് (വ്യക്തിപരമായി) പരസ്യമായി പ്രത്യക്ഷപ്പെട്ടു! ആ നിമിഷം മുതലാണു സി.എ.എ യെ അനുകൂലിക്കുന്നവര്‍ കടന്നല്‍ക്കൂട്ടം പൊലെ കെ.എം.എഫിന്റെ ഒഫീഷ്യല്‍ പേജില്‍ വന്ന് സഭ്യതയില്ലാത്ത രീതിയില്‍ കെ.എം.എഫി ന്റെ ക്രെഡിബിലിറ്റിയെ ആക്രമിക്കാന്‍ തുടങ്ങിയത്! ഒട്ടും മാന്യമല്ലാത്ത രീതിയില്‍ ‘കരുണ’യുടെ കണക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ഒരു വെകിളിക്കൂട്ടം കണക്കെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു.ഫെഡറേഷന്‍ അംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലടക്കം ഇപ്പോഴും അത് തുടരുന്നുണ്ടെങ്കിലും അതിനെതിരെ നിയമ നടപടിക്കൊന്നും മുതിരാതെ വളരെ ക്ഷമയോടെയും സംയമനത്തോടെയും മൗനം ദീക്ഷിക്കുവാന്‍ കെ.എം.എഫ് തീരുമാനമെടുത്തിരിക്കുന്നതിന്റെ ഏക കാരണം കെ.എം.എഫ് ഒരു മ്യൂസിക് ഓര്‍ഗ്ഗനൈസേഷന്‍ ആണെന്നത് മാത്രമാണു! ആരാണു പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കൂട്ടരെന്നും അവരുടെ ലക്ഷ്യമെന്താണെന്നും ആരാണവരെ അങ്ങോട്ട് പറഞ്ഞ് വിട്ടിരിക്കുന്നതെന്നും കെ.എം.എഫി നു കൃത്യമായി അറിയാം.സംഗീതത്തിലെ നല്ല ഫലങ്ങള്‍ മാത്രം ലക്ഷ്യമാക്കി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ മനസാ തീരുമാനിച്ചിറങ്ങിയിരിക്കുന്ന കെ.എം.എഫി ന്റെ കേവല ശ്രദ്ധ പോലും അര്‍ഹിക്കുന്നവരല്ല അവരെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് മാത്രമാണു ഇത് വരെ മൗനം പാലിച്ചത്. മാത്രമല്ല, ഇവരാരും ‘കരുണ’ മ്യൂസിക് ലൈവില്‍ പങ്കെടുത്തിട്ടുള്ളവരല്ലെന്നും സംഗീതമേയല്ല ഇവരുടെ ഫസ്റ്റ് പ്രയോറിറ്റി എന്നും കെ.എം.എഫിനു കൃത്യമായി അറിയാമെങ്കിലും അതും പറഞ്ഞ് പോലും അവരിലാരെയെങ്കിലും മറുത്താക്ഷേപിക്കാന്‍ കെ.എം.എഫ് തയ്യാറല്ല! കാരണം കെ.എം.എഫ് പേജ് അതിനുള്ള വേദിയല്ല.അത് സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ക്രിയേറ്റീവായിട്ടുള്ള കമ്യൂണിക്കേഷന്‍ പ്ലാറ്റ് ഫോമാണു.
ഇവിടെ ഇപ്പോള്‍ കൃത്യമായി ഈ കണക്കും മറ്റു വിശദാംശങ്ങളും അവതരിപ്പിക്കുവാനുള്ള കാരണം ഈ ‘വെകിളിക്കൂട്ടത്തിന്റെ കലപില’ യല്ല എന്ന് പ്രത്യേകം പറഞ്ഞ് കൊള്ളട്ടെ. മറിച്ച് ,കൊച്ചിയുടെ ജില്ലാ വരണാധികാരിയും കെ.എം.എഫ് ‘കരുണയുടെ’ രക്ഷാധികാരികളില്‍ ഒരാളും കൂടിയായ കളക്ടര്‍ ബഹുമാനപ്പെട്ട സുഹാസ് ഐ.എ.എസ് അവര്‍കള്‍ കെ.എം.എഫി നോട് സേഹപൂര്‍വ്വം ഒരു വിശദീകരണം കാണിക്കുന്നതിന്റെ ആവശ്യകതയും സാന്ദര്‍ഭികതയും ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണു! അദ്ദേഹം ഇടപെടാനുണ്ടായ കാരണം ഇതാണു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്‍ നിന്നുള്ള പണം നിക്ഷേപിക്കാന്‍(6.5 lakhs) മാര്‍ച്ച് 31 വരെ സാവകാശം നല്‍കണമെന്ന് കെ.എം.എഫ് കാലേക്കൂട്ടിത്തന്നെ കളക്ടറോട് രേഖാമൂലം അപേക്ഷിച്ചിരുന്നതാണു.കളക്ടറുടെ ഓഫീസില്‍ ആ രേഖയുണ്ട്.ഓഡിയോ വിഷ്വല്‍ കണ്ടന്റ് വിറ്റിട്ടുള്ള പണത്തിന്മേല്‍ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ എന്ന് നേരത്തേ പറഞ്ഞല്ലൊ.. പക്ഷെ പ്രതീക്ഷിച്ച പോലെയൊന്നുമല്ല സംഭവിച്ചത്. ഉചിതമായ ഡീലുകള്‍ ഒന്നും ആയി വന്നില്ല ഇതുവരെയും;ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും.അതിനിടയില്‍ ഒരു ‘മാധ്യമപ്രവര്‍ത്തകന്റെ’ സഹായത്തോടെ മേല്‍പ്പറഞ്ഞ ഛിദ്ര ശക്തികള്‍ കെ.എം.എഫി ന്റെ വെട്ടിപ്പ്, അഴിമതി എന്ന തരത്തില്‍ തെറ്റായി വാര്‍ത്തകള്‍ മെനഞ്ഞ് പ്രസിദ്ദീകരിക്കുക മൂലം അത് ശ്രദ്ധയില്‍ പ്പെട്ട മറ്റു ചില പത്രപ്രവര്‍ത്തകര്‍ കൂടി കെ.എം.എഫി നോട് വിശദീകരണം തേടുകയും ഒടുവില്‍ വിവരാവകശനിയമ വകുപ്പിന്റെ അന്വേഷണ പരിധിയിലേക്ക് വിഷയം എടുത്തെറിയപ്പെടുകയും ഒടുവില്‍ അത് കളക്റ്ററുടെ ചേംബറില്‍ വന്നെത്തുകയും ചെയ്തപ്പോഴാണു അദ്ദേഹം ഫൗണ്ടേഷനോട് ഇനി ജനങ്ങള്‍ക്ക് മുന്‍പാകെ ഒരു വിശദീകരണം നല്‍കാന്‍ വൈകേണ്ടെ എന്നും അനാവശ്യമായി തെറ്റിദ്ധാരണ വളര്‍ത്താന്‍ ഇടയാക്കണ്ട എന്നും ഉപദേശിച്ചത്!ആകയാല്‍ മാര്‍ച്ച് 31 തികയും മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നേറ്റ,തുക(ടിക്കറ്റ് ഇനത്തില്‍ ലഭിച്ച പണം, അഥവാ ചിലവ് നികത്തുന്നതിലേക്ക് തന്നെ ആവശ്യമായി വന്നിരുന്ന 6ലക്ഷത്തി 22,000 രൂപ) ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്വന്തം കയ്യില്‍ നിന്നെടുത്ത് സി.എം.ആര്‍ ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ടെന്ന വിവരം നിങ്ങളെ അറിയിക്കുകയാണു! ‘കരുണ’ പ്രോഗ്രാം നഷ്ടത്തില്‍ കലാശിച്ചു എന്നത് ഞങ്ങളെ ഒട്ടും പിന്നാക്കം അടിപ്പിക്കുന്നില്ല! 2020 ല്‍ ത്തന്നെ അഞ്ച് ദിവസത്തെ അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ആശയവുമായി കെ.എം.എഫ് സധൈര്യം മുന്നോട്ട് പോവുകയാണു! ഇല്ലാത്ത വിദേശഫണ്ട് വഴികളിലൊക്കെ ഉറക്കമിളച്ച് കാവല്‍ നില്‍ക്കുന്നതോടൊപ്പം കുറച്ച് പേര്‍ മ്യൂസിക് കേള്‍ക്കാനും കൂടി ഒന്ന് വരണമെന്ന് അധിക്ഷേപക സൈന്യത്തോട് കെ.എം.എഫ് ഈയവസരം ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കുകയാണു! ഒന്ന്: നിങ്ങളോട് സംവദിക്കാന്‍ കെ.എം.എഫി നു മറ്റു അവസരങ്ങളോ പദ്ധതിയോ ഇല്ലെന്ന് മാത്രമല്ല, അത് അസാധ്യവുമാണു! രണ്ട്: സംഗീതം ശ്രവിക്കാന്‍ വരുന്ന ആ നാലു പേരെങ്കിലും ഭാവിയില്‍ കെ.എം.എഫി ന്റെ ആരാധകരോ അതിന്റെ വിശ്വസ്ത പ്രവര്‍ത്തകരോ ആയി മാറില്ലെന്നാരു കണ്ടു? ഹൃദയസംഗീതവുമായി നല്ലൊരു ബന്ധമുണ്ടാവുക വഴി കുറച്ച് വെളിച്ചവും തെളിച്ചവും നിങ്ങള്‍ക്ക് കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുക മാത്രം ചെയ്യുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി കെ.എം.എഫിന്റെ ഹൃദയം നിറഞ്ഞ സ്‌നേഹാശംസകള്‍.മ്യൂസിക് ഫെസ്റ്റിവല്‍ വിവരങ്ങളുമായി പിന്നീട് ഇവിടെ സംഗമിക്കാം.നന്ദി.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനു വേണ്ടി
ബിജിബാല്‍
ഷഹബാസ് അമന്‍